സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ബിഎസ്എന്‍എല്ലിനു ഭീഷണിയാകില്ലെന്ന് കേന്ദ്ര മന്ത്രി
Tuesday, July 29, 2025 12:11 AM IST
ന്യൂഡല്‍ഹി: ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ കമ്പനിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ 20 ലക്ഷം കണക്ഷനുകള്‍ മാത്രമേ നല്കാന് കഴിയൂ എന്ന് ടെലികോം സഹമന്ത്രി പെമ്മാസാനി ചന്ദ്രശേഖര്‍.
ഇത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനും മറ്റ് ടെലികോം കമ്പനികള്‍ക്കും സ്റ്റാര്‍ലിങ്കില്‍ നിന്നുളള മത്സര ഭീഷണി കുറയ്ക്കുമെന്നും ബിഎസ്എന്‍എല്‍ അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.
സ്റ്റാര്‍ലിങ്ക് 200 Mbps വരെ വേഗതയാണ് വാഗ്ദാനം ചെയ്യുക. അതിനാല്‍ മറ്റു ടെലികോം സേവന ദാതാക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഗ്രാമപ്രദേശങ്ങളെയും വിദൂര പ്രദേശങ്ങളെയും ലക്ഷ്യം വച്ചാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് പ്രധാനമായും പ്രവര്‍ത്തിക്കുക.
ബിഎസ്എന്‍എല്ലിന് ഗണ്യമായ സാന്നിധ്യം ഗ്രാമപ്രദേശങ്ങളിലുണ്ട്. ഈ ആശങ്കകള്‍ ദൂരീകരിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്കുള്ള മുന്‍കൂര്‍ ചെലവ് വളരെ കൂടുതലായിരിക്കുമെന്നും പ്രതിമാസ ചെലവ് ഏകദേശം 3,000 രൂപയാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഎസ്എന്‍എല്‍ 4ജി സേവന വിപുലീകരണം പൂര്‍ത്തിയായതായും പെമ്മാസാനി ചന്ദ്രശേഖര്‍ പറഞ്ഞു. നിലവില്‍ താരിഫ് വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ല. ആദ്യം വിപണിയില്‍ ശക്തമായ സാന്നിധ്യം സൃഷ്ടിക്കാനാണ് ബിഎസ്എന്‍എല്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.