"ഉൾപ്പെടുത്തലാണ് വേണ്ടത്'; ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ സുപ്രീംകോടതി
Tuesday, July 29, 2025 2:45 AM IST
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടികയിൽ കൂട്ടത്തോടെയുള്ള ഒഴിവാക്കലിനു പകരം കൂട്ടത്തോടെയുള്ള ഉൾപ്പെടുത്തലാണു വേണ്ടതെന്ന് തെരഞ്ഞെടുപ്പു കമ്മീഷനെ ഓർമിപ്പിച്ച് സുപ്രീംകോടതി.
ആധാർ കാർഡും വോട്ടർ ഐ ഡിയും യോഗ്യത തെളിയിക്കുന്നതിനുള്ള നിയമപരമായ രേഖകളിൽ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി വാക്കാൽ ആവശ്യപ്പെട്ടു. ഏതൊരു രേഖയും വ്യാജമായി നിർമിക്കാൻ സാധിക്കും. അതു മറ്റൊരു വിഷയമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലത്തിനു മറുപടിയായി കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ബിഹാറിലെ കരട് വോട്ടർപട്ടിക ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ തടയുന്നതിനുള്ള നിർദേശം നല്കാൻ ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചു.
എല്ലാത്തിനുമുപരി ഇതൊരു കരട് വോട്ടർപട്ടികയാണെന്നും എന്തെങ്കിലും നിയമവിരുദ്ധത കണ്ടാൽ കോടതിക്ക് മുഴുവൻ പ്രക്രിയയും റദ്ദാക്കാൻ കഴിയുമെന്നും ജസ്റ്റീസ് സൂര്യകാന്ത് വ്യക്തമാക്കി. ഇതു ഹർജിയുടെ ഫലത്തിന് വിധേയമായിരിക്കുമെന്ന നിരീക്ഷണം നടത്താൻ ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും അത്തരം ഒരു നിരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.
ബിഹാറിലെ കരട് വോട്ടർപട്ടികയുടെ വിജ്ഞാപനം നിർത്തണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഏകദേശം 4.5 കോടി വോട്ടർമാർ വോട്ടർപട്ടികയ്ക്ക് പുറത്തുപോകുമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വ്യക്തമാക്കി. കരട് വോട്ടർപട്ടിക മാത്രമാണ് പ്രസിദ്ധപ്പെടുത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചു.