ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ
Tuesday, July 29, 2025 2:45 AM IST
ന്യൂഡൽഹി: രണ്ടു മലയാളി കന്യാസ്ത്രീകൾക്കു നേരേ ബജ്രംഗ് ദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തിലും വൈദികർക്കുനേരെ മഹാരാഷ്ട്ര എംഎൽഎ നടത്തിയ പ്രകോപനപരമായ പരാമർശത്തിലും സിബിസിഐ ആശങ്ക പ്രകടിപ്പിച്ചു.
ന്യൂനപക്ഷങ്ങൾക്കെതിരേ വർധിച്ചുവരുന്ന ആക്രമണത്തിൽ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ചുമതലപ്പെട്ടവർ മൗനം പാലിക്കുന്നത് കൂടുതൽ അസ്വസ്ഥത ഉളവാക്കുന്നതാണ്.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാകുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്യാസസഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരോട് പകയോടുകൂടിയ സമീപനമായിരുന്നു.
ദേശവിരുദ്ധ സംഘടനകളാണ് ഇതിനു പിന്നിൽ. ഈ സംഘടനകളെ നിരോധിക്കണമെന്നും സിബിസിഐ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ വൈദികരെ മർദിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചു. പ്രകോപനപരമായ കുറ്റകൃത്യം കണ്മുന്നിൽ നടന്നിട്ടും കേസെടുക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറായില്ലെന്നും മെത്രാൻ സമിതി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഓഫീസിൽ വിഷയം ധരിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ നടപടികൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.