ദിവ്യ ദേശ്മുഖിന് വനിതാ ചെസ് ലോക കിരീടം
Tuesday, July 29, 2025 3:25 AM IST
ബാതുമി (ജോർജിയ): കലാശപ്പോര് തലമുറമാറ്റമായി മാറി. ടൈബ്രേക്കറിലേക്കു നീണ്ട മത്സരത്തിൽ കൊനേരു ഹംപിയെ വീഴ്ത്തിയ ദിവ്യ ദേശ്മുഖിന് വനിതാ ചെസ് ലോക കിരീടം.
പരിചയസന്പത്തിന്റെ കരുത്തിൽ പൊരുതിയ കൊനേരു ഹംപിയുടെയും പത്തൊൻപതുകാരിയായ ദിവ്യയുടെയും ആദ്യ ഫൈനലായിരുന്നു ഇത്.
ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്.
ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് നാഗ്പുർ സ്വദേശിയായ ദിവ്യ. വിജയത്തോടെ ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കി. അടുത്ത വനിതാ കാൻഡിഡേറ്റ്സിനും ദിവ്യ യോഗ്യത നേടി.
ഇന്ത്യയുടെ 88-ാം ഗ്രാൻഡ്മാസ്റ്ററാണ് ദിവ്യ. വനിതകളിൽ നാലാമത്തെയും. കൊനേരു ഹംപി, ഡി. ഹരിക, വൈശാലി എന്നിവരാണ് ഈ നേട്ടം നേരത്തേ സ്വന്തമാക്കിയവർ.
ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം മത്സരത്തിൽ കറുത്ത കരുക്കളുമായി കളിച്ചാണ് ദിവ്യ 38കാരി കൊനേരു ഹംപിയെ കീഴടക്കിയത്. ഫിഡേ വനിതാ റേറ്റിംഗ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഹംപി. ദിവ്യ 18-ാം സ്ഥാനത്തും. മറ്റ് ഫോർമാറ്റുകളിലും ദിവ്യയേക്കാൾ ഉയർന്ന റാങ്കിലാണ് ഹംപി.