ഫിഡെ 2025 വനിതാ ലോകകപ്പ് ചെസ് കിരീടം ദിവ്യക്ക്
Tuesday, July 29, 2025 3:25 AM IST
ബറ്റുമി (ജോർജിയ): ലോക ചെസ് ഭൂപടത്തിൽ ഇന്നലെ ഇന്ത്യയുടെ ദിവ്യദിനം. 2025 ഫിഡെ വനിതാ ലോകകപ്പ് ചെസിൽ ഇന്ത്യയുടെ 19കാരിയായ ദിവ്യ ദേശ്മുഖ് ജേതാവായി.
ഇന്ത്യക്കാർ തമ്മിൽ അരങ്ങേറിയ ചരിത്രത്തിലെ ആദ്യ ഫൈനലിൽ, കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് ദിവ്യ ദേശ്മുഖ് ലോകകപ്പ് സ്വന്തമാക്കിയത്. വനിതാ ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന റിക്കാർഡിനൊപ്പം ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന ചരിത്രവും ദിവ്യക്ക് ഇതോടെ സ്വന്തം.
27, 28 തീയതികളിൽ ക്ലാസിക്ക് ഗെയിമായി നടന്ന രണ്ട് ഫൈനലുകളിലും ദിവ്യയും 38കാരിയായ കൊനേരു ഹംപിയും സമനിലയിൽ പിരിഞ്ഞിരുന്നു. ആദ്യ ക്ലാസിക് ഗെയിമിൽ വെള്ള കരുക്കൾകൊണ്ട് കളിച്ച ദിവ്യ 40 നീക്കത്തിനുശേഷം സമനിലയിൽ കൈകൊടുത്തു പിരിഞ്ഞു. രണ്ടാം ക്ലാസിക് ഗെയിമിൽ കറുത്ത കരുക്കളുമായാണ് ദിവ്യ ദേശ്മുഖ് കളിച്ചത്. 34-ാം നീക്കത്തിൽ രണ്ടാം ക്ലാസിക്കൽ ഗെയിമും സമനിലയിൽ കലാശിച്ചു. ഇതോടെയാണ് ഇന്നലെ ടൈബ്രേക്കറിലൂടെ ജേതാവിനെ നിശ്ചയിക്കേണ്ടിവന്നത്.
റാപ്പിഡ് ഫൈനൽ
ക്ലാസിക് ഗെയിം രീതിയിലുള്ള ഫൈനലിലെ രണ്ട് റൗണ്ട് പോരാട്ടവും സമനിലയിൽ കലാശിച്ചതോടെ ഇന്നലെ റാപ്പിഡ് ഗെയിമിലൂടെയാണ് ടൈബ്രേക്കർ നടന്നത്. ക്ലാസിക്കൽ ഗെയിമിൽ ആദ്യ 40 നീക്കത്തിന് 90 മിനിറ്റു ം തുടർന്ന് മത്സരത്തിനായി ആകെ 30 മിനിറ്റുമായിരുന്നു. ഇതിനിടെ ഓരോ നീക്കത്തിനും 30 സെക്കൻഡ് ഇൻക്രിമെന്റും ഉണ്ട്. എന്നാൽ, റാപ്പിഡ് ഗെയിമിന് 15 മിനിറ്റിന്റെ ദൈർഘ്യം മാത്രമാണുള്ളത്. ഓരോ നീക്കത്തിനും 10 സെക്കൻഡ് ഇൻക്രിമെന്റും.
ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് ഗെയിമിൽ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും സമനിലയിൽ പിരിഞ്ഞു. ഇതോടെ രണ്ടാം റാപ്പിഡ് ഗെയിം.
രണ്ടാം റാപ്പിഡിൽ കൊനേരു ഹംപിയുടെ തുടർച്ചയായ എൻഡ് ഗെയിം പിഴവ് മുതലാക്കി ദിവ്യ ദേശ്മുഖ് ജയം സ്വന്തമാക്കുകയായിരുന്നു. 1.5-0.5 എന്ന പോയിന്റിലാണ് ടൈബ്രേക്കർ ദിവ്യ ദേശ്മുഖ് സ്വന്തമാക്കിയത്. 75-ാം നീക്കത്തിനുശേഷം കൊനേരു ഹംപി തോൽവി സമ്മതിക്കുകയായിരുന്നു. രണ്ടാം റാപ്പിഡ് ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ചാണ് ദിവ്യ ജയം സ്വന്തമാക്കിയത്.
‘ജെൻസി’ ജയം
ജെനറേഷൻ Z, 80 കിഡിനെതിരേ ചെസ് ബോർഡിൽ നേടിയ ജയമായും ദിവ്യയുടെ ലോകകപ്പിനെ വിശേഷിപ്പിക്കാം. കാരണം, 2002ൽ തന്റെ 15-ാം വയസിൽ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാൻഡ്മാസ്റ്റർ എന്ന ചരിത്രം ആന്ധ്രപ്രദേശുകാരിയായ കൊനേരു ഹംപി സ്വന്തമാക്കിയതിനും മൂന്നു വർഷത്തിനുശേഷമായിരുന്നു ദിവ്യയുടെ ജനനം. 38കാരിയായ ഹംപിയുടെ നേർപകുതി പ്രായം മാത്രമാണ് ദിവ്യക്കുള്ളതെന്നതും ശ്രദ്ധേയം.
റാപ്പിഡ് ഗെയിമിൽ ദിവ്യയേക്കാൾ മുൻതൂക്കം ഹംപിക്കായിരുന്നു. നിലവിലെ ലോക റാപ്പിഡ് ചാന്പ്യനാണ് ഹംപി. 2024 ഡിസംബറിലാണ് രണ്ടാം തവണയും ഹംപി, ലോക റാപ്പിഡ് ഗെയിമിൽ ചാന്പ്യൻപട്ടം സ്വന്തമാക്കിയത്.
ഫിഡേ വനിതാ റേറ്റിംഗിൽ ദിവ്യയേക്കാൾ (18) മുന്നിലാണ് ഹംപി (5). മാത്രമല്ല, റാപ്പിഡ് ഗെയിംമിലും ഹംപിക്കാണ് (10) ദിവ്യയേക്കാൾ (22) ലോക റാങ്കിംഗിൽ മുൻതൂക്കം. ബ്ലിറ്റ്സിൽ ദിവ്യ 18-ാമതും ഹംപി 10-ാം സ്ഥാനത്തുമാണ്. എന്നാൽ, ഇതെല്ലാം കാറ്റിൽപ്പറത്തി ദിവ്യ ലോകകപ്പ് സ്വന്തമാക്കി. 2024ൽ നടന്ന 45-ാമത് ചെസ് ഒളിന്പ്യാഡിൽ ഇന്ത്യ സ്വർണം സ്വന്തമാക്കിയപ്പോൾ, ബെസ്റ്റ് പെർഫോമർക്കുള്ള സ്വർണവും ദിവ്യ നേടിയിരുന്നു.
ഇന്ത്യയുടെ നാലാം ഗ്രാൻഡ്മാസ്റ്റർ
ചെസ് കളത്തിലെ പരമോന്നത ബഹുമതിയായ ഗ്രാൻഡ്മാസ്റ്റർ (ജിഎം) പദവിയും ഇതോടെ ദിവ്യ ദേശ്മുഖ് സ്വന്തമാക്കി. ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കുന്ന 88-ാമത് ഇന്ത്യൻ താരമാണ്. എന്നാൽ, നാലാമത് മാത്രം ഇന്ത്യൻ വനിതയും.
2002ൽ കൊനേരു ഹംപിയാണ് ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരി. ഡി. ഹരിക (2011), ആർ. വൈശാലി (2023) എന്നിവരും ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തി. ഇവർക്കു പിന്നാലെ നാലാമത് ഇന്ത്യൻ വനിതാ ഗ്രാൻഡ്മാസ്റ്റർ ആയിരിക്കുന്നു നാഗ്പുർ സ്വദേശിയായ ദിവ്യ എന്ന 19കാരി.
ചുരുക്കം
ഫൈനലിലെ ആദ്യ മൽസരം 41 നീക്കങ്ങൾക്കൊടുവിലും രണ്ടാം മൽസരം 34 നീക്കങ്ങളിലും സമനിലയിൽ അവസാനിച്ചതോടെ കരുക്കൾ നീക്കുന്നതിന് സമയനിയന്ത്രണമുള്ള റാപ്പിഡ് റൗണ്ടിലേക്ക് നീണ്ടു. ഫൈനലിൽ ദിവ്യ ആകെ 2.5 പോയിന്റ് നേടിയപ്പോൾ ഹംപിക്ക് 1.5 പോയിന്റ് ലഭിച്ചു.
നാഗ്പുർ സ്വദേശിയായ ദിവ്യക്ക് 50,000 ഡോളറും സ്വർണ മെഡലും ആന്ധ്രപ്രദേശിലെ ഗുഡിവാഡയിൽ നിന്നുള്ള 38കാരി ഹംപിക്ക് 35,000 ഡോളറും വെള്ളി മെഡലും ലഭിച്ചു.
ഹംപി ഗ്രാൻഡ് മാസ്റ്ററാകുന്പോൾ ജനിച്ചിട്ടില്ലാത്ത ദിവ്യ
2002ൽ 15-ാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടി ചരിത്രമെഴുതിയ ചെസ് താരമാണ് ഇന്ത്യയുടെ കൊനേരു ഹംപി. ഹംപി ഈ ചരിത്രമെഴുതി മൂന്ന് വർഷം കൂടി കഴിഞ്ഞാണ് ദിവ്യ ദേശ്മുഖ് എന്ന താരത്തിന്റെ ജനനം. തന്റെ 19-ാം വയസിൽ അതേ ഹംപിയെ കീഴടക്കി ഫിഡെ ലോക വനിതാ ചെസ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ദിവ്യ.
ഏഴാം വയസിൽ കരുനീക്കം
ഏഴാം വയസിലാണ് ദിവ്യ ചെസ് ബോർഡിൽ കരുനീക്കം ആരംഭിച്ചത്. ഡോക്ടർമാരായ ജിതേന്ദ്ര ദേശ്മുഖിന്റെയും നർമദയുടെയും മകളായി 2005 ഡിസംബർ അഞ്ചിന് നാഗ്പുരിലായിരുന്നു ദിവ്യയുടെ ജനനം.
അച്ഛനാണ് ദിവ്യയെ ചെസ് നീക്കങ്ങളുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. 17-ാം വയസിൽ ഇന്ത്യൻ ചെസ് ചാന്പ്യൻഷിപ്പ് നേടി. ഇക്കാലയളവിൽ ഏഷ്യൻ ചാന്പ്യൻഷിപ്പും ലോക ജൂണിയർ ചാന്പ്യൻഷിപ്പും സ്വന്തമാക്കിയതോടെ ദിവ്യ ചെസിന്റെ പുതിയ വാഗ്ദാനമായി വിശേഷിപ്പിക്കപ്പെട്ടു തുടങ്ങി.
2021ൽ വനിതാ ഗ്രാൻഡ്മാസ്റ്ററും 2023ൽ ഇന്റർനാഷണൽ മാസ്റ്ററുമായി. 2022 ചെസ് ഒളിന്പ്യാഡിൽ വ്യക്തിഗത വെങ്കലം. 2020ൽ ചെസ് ഒളിന്പ്യാഡിൽ വെള്ളി നേടിയ ടീമിൽ അംഗം. ഏറ്റവും ഒടുവിലായി ഇതാ ലോകകപ്പും ഗ്രാൻഡ്മാസ്റ്റർ പദവിയും... പുരുഷ വിഭാഗത്തിനു പിന്നാലെ വനിതാ വിഭാഗത്തിലും ഇന്ത്യൻ ചെസ് ലോകത്തിന്റെ നെറുകയിൽ...