റിക്കാര്‍ഡുകള്‍ കടപുഴക്കി വനിതകള്‍
Thursday, July 24, 2025 12:51 AM IST
ഡര്‍ഹാം: റിക്കാര്‍ഡുകള്‍ കടപുഴക്കി ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ടിന് എതിരേ ട്വന്റി-20 പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഏകദിനത്തിലും ഇന്ത്യന്‍ വനിതകള്‍ വെന്നിക്കൊടി പാറിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ചുറി നേടിയ മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ 2-1നു പരമ്പര സ്വന്തമാക്കിയത്.
ഇന്ത്യ (318/5) മുന്നോട്ടുവച്ച 319 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 49.5 ഓവറില്‍ 305നു പുറത്തായി. ഇന്ത്യയുടെ ക്രാന്തി ഗൗഡ് 9.5 ഓവറില്‍ 52 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. 84 പന്തില്‍ 102 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് പ്ലെയര്‍ ഓഫ് ദ മാച്ചും സീരീസും.
ഹര്‍മന്‍പ്രീത് കൗര്‍ ഏകദിനത്തില്‍ 4000 ക്ലബ്ബില്‍ എത്തി (4069). ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് ഇന്ത്യക്കാരിയാണ് ഹര്‍മന്‍പ്രീത്. ഇംഗ്ലണ്ടിനെതിരേ 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത് ഇന്ത്യക്കാരി എന്ന നേട്ടത്തിലും ഇവര്‍ എത്തി.
മിതാലി രാജാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയത്. ഇന്ത്യന്‍ വനിതകളും ഇംഗ്ലീഷ് വനിതകളും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ (623) റണ്‍സ് പിറന്ന മത്സരമായിരുന്നു ഡര്ഹാമിലേത്. ഇന്ത്യക്കായി ഏകദിനത്തില്‍ 5+ വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമാണ് 21കാരിയായ ക്രാന്തി ഗൗഡ്.
ഇന്ത്യക്കായി ഇതുവരെ അഞ്ച് വനിതകള്‍ ഫൈഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. 2005ല്‍ ജൂലന്‍ ഗോസ്വാമിയാണ് ഇതിനു മുമ്പ് ഇംഗ്ലണ്ടില്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.