ആ കാലം കഴിഞ്ഞു; ഇന്ത്യയിൽനിന്നുള്ള നിയമനം വേണ്ടെന്ന് ട്രംപ്
Friday, July 25, 2025 2:31 AM IST
വാഷിംഗ്ടണ്: ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്ന് നിയമനം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള വൻകിട ടെക് കന്പനികളോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വാഷിംഗ്ടണിൽ നടന്ന എഐ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ കന്പനികൾ ചൈനയിൽ ഫാക്ടറികൾ നിർമിക്കുന്നതിനും ഇന്ത്യൻ ടെക് വിദഗ്ധർക്ക് ജോലി നൽകുന്നതിനും പകരം ഇനി മുതൽ സ്വന്തം രാജ്യത്തുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
“സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിനു പകരം ലോകത്തുള്ള ആർക്കു വേണമെങ്കിലും ജോലി നൽകാമെന്ന ടെക് കന്പനികളുടെ ആഗോളവാദ മനോഭാവം പല അമേരിക്കക്കാരെയും അവഗണിക്കപ്പെട്ടവരാക്കി. നമ്മുടെ ഏറ്റവും വലിയ ടെക് കന്പനികളിൽ പലതും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു.
ചൈനയിൽ ഫാക്ടറികൾ പണിയുകയും, ഇന്ത്യയിൽനിന്ന് തൊഴിലാളികളെ നിയമിക്കുകയും അയർലൻഡിൽ ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. നിങ്ങൾക്കെല്ലാം അറിയാവുന്നതാണ്. അതേസമയം, സ്വന്തം നാട്ടിൽ പൗരന്മാരെ പിരിച്ചുവിടുകയും സെൻസർ ചെയ്യുകയും ചെയ്യുന്നു. പ്രസിഡന്റ് ട്രംപിന്റെ കീഴിൽ, ആ ദിവസങ്ങൾ അവസാനിച്ചു’’
സിലിക്കൺ വാലി ദേശസ്നേഹത്തിന്റെ പുതിയ സത്ത് ഉൾക്കൊള്ളണമെന്നും അത് സിലിക്കൺ വാലിക്കും ഒരുപാട് അപ്പുറത്തേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. “യുഎസ് ടെക്നോളജി കന്പനികൾ അമേരിക്കയ്ക്കുവേണ്ടിയാകണം പ്രവർത്തിക്കുന്നത്. നിങ്ങൾ അമേരിക്കയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അത് ചെയ്യണം. അതുമാത്രമാണ് ഞങ്ങളുടെ ആവശ്യം.”- ട്രംപ് കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട മൂന്ന് പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഇതേ ഉച്ചകോടിയിൽ ഒപ്പുവച്ചു. എഐ കിടമത്സരത്തിൽ യുഎസ് മേധാവിത്വം നിലനിർത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവ്. അവയിലൊന്ന് യുഎസിൽ എഐ വികസനം വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്ന തടസങ്ങൾ കുറയ്ക്കുന്നതിനുമുള്ള ഒരു ദേശീയ തന്ത്രത്തിന് രൂപരേഖ നൽകുന്നു.
ട്രംപ് ഒപ്പുവച്ച മറ്റൊരു പ്രധാന ഉത്തരവ്, എഐ വികസിപ്പിക്കുന്നതിന് ഫെഡറൽ ഫണ്ടിംഗ് ലഭിക്കുന്ന കന്പനികളെ ലക്ഷ്യംവച്ചുള്ളതാണ്. ഈ കന്പനികൾ രാഷ്ട്രീയമായി നിഷ്പക്ഷമായ എഐ ഉപകരണങ്ങൾ നിർമിക്കണം. മൂന്നാമത്തെ ഉത്തരവ് അമേരിക്കൻ നിർമിത എഐ ഉപകരണങ്ങളുടെ കയറ്റുമതിയും അവയുടെ ആഗോളമത്സരശേഷിയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതുമാണ്.