ടെസ്ലയ്ക്ക് ചൈനീസ് ആധിപത്യം മറികടക്കാനാകുമോ?
Wednesday, July 23, 2025 1:14 AM IST
മുംബൈ: ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി വർധിപ്പിക്കുമെന്ന പ്രതീക്ഷയിൽ വാഹനവിപണി.
യുഎസ് ഇവി നിർമാതാക്കൾ രാജ്യത്ത് കാലുകുത്തുന്നതിനു വളരെ മുന്‍പുതന്നെ ചൈനയിൽനിന്നുള്ള ഇവി ഇറക്കുമതി രാജ്യത്തെ കാർ വിപണിയിൽ ആധിപത്യം നേടിയിരുന്നു. ഇന്ത്യയിലുള്ള ഇവി ഇറക്കുമതിയിൽ ചൈനയുടെ ആധിപത്യം ടെസ്ലയ്ക്കു മറികടക്കാനാകുമോയെന്നു കാണാൻ കാത്തിരിക്കുകയാണ് വാഹന പ്രേമികൾ.
കഴിഞ്ഞ 15ന് ഇന്ത്യയിൽ ആദ്യ ഷോറൂം ആരംഭിച്ച ടെക്സസിലെ ഓസ്റ്റിൻ ആസ്ഥാനമായുള്ള ടെസ്ല കന്പനി, ഷാങ്ഹായ് ഫാക്ടറിയിൽനിന്നാകും കാറുകൾ ഇറക്കുമതി ചെയ്യുക. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് (ബികെസി) ഷോറൂം പ്രവർത്തനം തുടങ്ങിയത്.
2025 സാന്പത്തികവർഷത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്ത ഏകദേശം 10,000 ഇലക്ട്രിക് വാഹനങ്ങളിൽ 61.1 ശതമാനവും ചൈനയിൽനിന്നായിരുന്നു. മുൻ വർഷത്തെ 22.8 ശതമാനത്തിൽനിന്നാണ് ഈ കുത്തനെയുള്ള വർധന.
കഴിഞ്ഞ നാലു വർഷത്തിനിടെ ചൈനയിൽനിന്നുള്ള ഇറക്കുമതി ഏകദേശം 20 മടങ്ങ് വർധിച്ചു. 2024 സാന്പത്തിക വർഷം വരെ ഇന്ത്യയുടെ ഏറ്റവും വലിയ ഇവി ഇറക്കുമതിക്കാരായിരുന്നു ജർമനി. 40 ശതമാനം വിപണിവിഹിതമായിരുന്നു ജർമനിക്ക്.
എന്നാൽ, 2025 സാന്പത്തിക വർഷത്തിൽ 27.8 ശതമാനമായി കുറഞ്ഞു. എന്നാൽ, മൂല്യത്തിന്റെ കാര്യത്തിൽ, ജർമനി ഇപ്പോഴും മുന്നിലാണ്. മൊത്തം 244.2 മില്യണ്‍ ഡോളർ മൂല്യമുള്ള ഇലക്ട്രിക് വാഹന ഇറക്കുമതിയിൽ 118 മില്യണ്‍ ഡോളർ ജർമനിയുടെ ഓഹരിയാണ്.
ടെസ്ലയുടെ കടന്നുവരവ് ശരാശരി ഇറക്കുമതി മൂല്യത്തിൽ മാറ്റം വരുത്തിയേക്കും. ജർമനിയുടെ ശരാശരി ഇറക്കുമതി വില കാറൊന്നിന് 44,320 ഡോളറായിരുന്നു. ശരാശരി 12,627 ഡോളർ വിലയുള്ള ചൈനീസ് ഇവിയേക്കാൾ ഏകദേശം നാലിരട്ടി. മറ്റൊരു പ്രധാന ഇലക്ട്രിക് വാഹന കയറ്റുമതിക്കാരായ ദക്ഷിണ കൊറിയ, ശരാശരി വില 37,295 ഡോളർ എന്ന നിരക്കിൽ 647 വാഹനങ്ങൾ ഇന്ത്യയിലേക്കു കയറ്റി അയച്ചു.
ടെസ്ല ഇതുവരെ ഇന്ത്യയിൽ അതിന്റെ മോഡൽ വൈ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. അതിന്റെ അടിസ്ഥാന മോഡൽ വില 70,000 ഡോളറാണ്. ടെസ്ലയുടെ എൻട്രി ലെവൽ മോഡൽ 3യെക്കാൾ വില കൂടുതലാണിത്. ഇന്ത്യയിൽ ടെസ്ലയുടെ വില്പന പരിമിതമായി തുടരുമെന്നാണ് കരുതുന്നത്. ഇത് ഏകദേശം രണ്ടു മില്യണ്‍ യൂണിറ്റുകളുടെ ആഗോള വിൽപ്പനയുടെ ഒരു തുച്ഛമായ പങ്ക് മാത്രമായിരിക്കും.
ഇന്ത്യയുടെ ഇറക്കുമതി വിപണി കൂടുതൽ കേന്ദ്രീകരിക്കപ്പെടുകയാണ്. മുൻനിര കയറ്റുമതിക്കാരായ ചൈന, ജർമനി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ 2025 സാന്പത്തിക വർഷത്തിൽ ഇലക്ട്രിക് വാഹന ഇറക്കുമതിയുടെ 95.7 ശതമാനവും കൈയടക്കി. ഒരു വർഷം മുന്‍പ് ഇത് 75 ശതമാനമായിരുന്നു.
2024ൽ രാജ്യമെന്പാടും രജിസ്റ്റർ ചെയ്ത ഇവി കാറുകളിൽ 6.6 ശതമാനം അഥവാ 5,926 എണ്ണം 20 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ബ്രാൻഡുകളുടേതാണ്.