ലുലു ഫോറെക്സും ലുലു ഫിന്‍സെര്‍വും എഎഫ്എയുമായി കൈകോര്‍ക്കുന്നു
Wednesday, July 23, 2025 1:14 AM IST
കൊച്ചി: അര്‍ജന്റൈൻ ഫുട്ബോള്‍ അസോസിയേഷ (എഎഫ്എ) നുമായി ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് കമ്പനികളായ ലുലു ഫോറെക്സും ലുലു ഫിന്‍സെര്‍വും സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സിനു കീഴിലുള്ള പത്തു രാജ്യങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് എഎഫ്എ സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെടുന്നത്.
വിദേശനാണ്യ വിനിമയത്തിലെ മുന്‍നിര ദാതാവായ ലുലു ഫോറെക്സും മൈക്രോ ലോണ്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്കി ഫിനാന്‍ഷല്‍ രംഗത്തു സജീവമായ ലുലു ഫിന്‍സെര്‍വുമാണ് ഇന്ത്യയിലെ അര്‍ജന്റൈൻ ടീമിന്റെ സ്പോണ്‍സര്‍മാര്‍.
യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹറിൻ എന്നിവിടങ്ങളില്‍ ലുലു എക്സ്ചേഞ്ചും മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പുര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ ലുലു മണിയുമാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇന്നലെ ദുബായില്‍ നടന്ന ചടങ്ങില്‍ അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകന് ലയണല്‍ സ്കലോണി, ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സ് ഫൗണ്ടറും എംഡിയുമായ അദീബ് അഹമ്മദ്, ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സ് മാനേജ്മെന്റിലെ മുതിര്‍ന്ന ഓഫീസര്‍മാര്‍, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് മാനേജ്മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കരാര്‍ ഒപ്പുവച്ചു.
2026ല്‍ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ വരെ കരാര്‍ നിലനില്ക്കും. കരാറിന്റെ ഭാഗമായി അടുത്ത 12 മാസങ്ങളില്‍ ലുലു ഫോറെക്സ്, ലുലു ഫിന്‍സെര്‍വ് എന്നീ സ്ഥാപനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായും ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സിനു കീഴിലെ 380ലധികം വരുന്ന ശാഖകള്‍ വഴിയും ഫുട്ബോള്‍ ആരാധകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി കാമ്പയിനുകളടക്കം നടപ്പാക്കും.
ഫുട്ബോള്‍ ആരാധകര്‍ക്കെന്നപോലെ ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സിനു കീഴിലുള്ള ഉപഭോക്താക്കള്‍ക്കും അര്‍ജന്റീന ആവേശമാണ്.
അതുകൊണ്ടാണ് അര്‍ജന്റൈൻ ഫുട്ബോള്‍ അസോസിയേഷനുമായി ഇത്തരമൊരു സഹകരണത്തില്‍ എത്തിയതെന്ന് ലുലു ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സ് ഫൗണ്ടറും എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.