പ്രതികൂലമായി കനത്ത മഴ
Sunday, July 20, 2025 10:47 PM IST
വിപണിവിശേഷം / കെ.ബി. ഉദയഭാനു
റബർ മേഖല മേഘപാളികളെ ഉറ്റുനോക്കുന്നു, മാസാന്ത്യത്തോടെ മഴയ്ക്ക് ശമനം കണ്ടുതുടങ്ങുമെന്ന വിശ്വാസത്തിൽ ടാപ്പിംഗിനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ കർഷകർ. ഉത്തരേന്ത്യയിൽ മഴ കനത്തത് അവസരമാക്കി വാങ്ങലുകാർ കുരുമുളകുവില കുറയ്ക്കാൻ ശ്രമം നടത്തി. ഹൈറേഞ്ചിൽ ഏലം വിളവെടുപ്പിനിടയിലും ലേലകേന്ദ്രങ്ങളിൽ വരവ് ചുരുങ്ങിയത് വാങ്ങലുകാരെ സമ്മർദത്തിലാക്കുന്നു. വെളിച്ചെണ്ണ വിലക്കയറ്റം താത്കലികമായി പിടിച്ചുനിർത്താനുള്ള സർക്കാർ നീക്കം ഊഹകച്ചവടക്കാരെ ആശങ്കയിലാക്കി, മധ്യവർത്തികൾ സ്റ്റോക്ക് ഇറക്കാൻ സാധ്യത.
കനത്ത മഴയിൽ വലഞ്ഞ് കർഷകർ
ഇന്ത്യൻ വിപണിയിൽ റബർ വില ഉയരുന്നത് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് കാർഷിക കേരളം. കാലവർഷം കേരളതീരത്തു പ്രവേശിച്ച് ഒന്നര മാസം പിന്നിടുമ്പോഴും തോട്ടങ്ങളിൽ ഇടംകണ്ടെത്താൻ റബർ കർഷകർക്ക് അവസരം ലഭിച്ചില്ല. ഒരു വിഭാഗം ചെറുകിട കർഷകർ റെയിൻ ഗാർഡ് ഒരുക്കിയെങ്കിലും ശക്തമായ മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചു. വിദേശ രാജ്യങ്ങളിലും പ്രതികൂല കാലാവസ്ഥയിൽ റബർ വെട്ട് സ്തംഭിച്ചതോടെ വാങ്ങലുകാർ ഷീറ്റിൽ പിടിമുറുക്കി.
തായ്ലൻഡിലും വിയറ്റ്നാമിലും ഉത്പാദനം ഏതാണ്ട് നിലച്ച അവസ്ഥയാണ്, ഇതിനിടയിൽ കയറ്റുമതിക്കാർ ചരക്കിനായി വിപണിയിൽ ഇറങ്ങിയത് ബാങ്കോക്കിൽ റബറിന്റെ വിലക്കയറ്റത്തിന് വഴിതെളിച്ചു. ഒരവസരത്തിൽ 19,000 രൂപയിലേക്ക് തളർന്ന റബർ വാരാന്ത്യം 19,600ലേക്ക് കയറി. വിപണിയിലെ റബർ ക്ഷാമം വിലയിരുത്തിയാൽ 20,000 -20,500 രൂപയിലേക്ക് രാജ്യാന്തര വില സഞ്ചരിക്കാം. ജൂൺ ഷിപ്പ്മെന്റുകൾ പൂർത്തിയാക്കാൻ കയറ്റുമതിക്കാർ അല്പം ക്ലേശിക്കുമെന്നാണ് ലഭ്യമാവുന്ന വിവരം. വിദേശ വില ഉയരാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് നിക്ഷേപകർ ഏഷ്യൻ റബർ മാർക്കറ്റുകളിൽ പിടിമുറുക്കി. ഇതിനിടയിൽ ജപ്പാൻ ഒസാക്ക വിപണിയിൽ റബർ ഒക്ടോബർ അവധി കിലോ 315 യെന്നിൽനിന്നും 327 വരെ കയറി ശേഷം 324ലേക്ക് താഴ്ന്നെങ്കിലും അടുത്ത ചുവടുവയ്പ്പിൽ 338 യെന്നിലേക്ക് ഉയരാൻ ശ്രമം നടത്താം.
ഉത്സവ സീസൺ അടുത്തതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻകിട സുഗന്ധവ്യഞ്ജന സ്റ്റോക്കിസ്റ്റുകൾ ചരക്ക് സംഭരണ തിരക്കിലാണ്. ഇതിനിടയിൽ മഴ കനത്തതോടെ പ്രതികൂല കാലാവസ്ഥ മറയാക്കി കുരുമുളക് വില ഇടിക്കാനാണ് അവരുടെ ശ്രമം. ശേഖരിക്കുന്ന മുളക് അന്തരീക്ഷ ഈർപ്പത്തിൽ കേടുകൂടാതെ സൂക്ഷിക്കുക ശ്രമകരമായതോടെ കാർഷിക മേഖല വിൽപ്പന കുറച്ച് സ്റ്റോക്ക് പത്തായങ്ങളിൽ തന്നെ നിലനിർത്താൻ തീരുമാനിച്ചു. കാലാവസ്ഥ അല്പം തെളിഞ്ഞാൽ പുതിയ വാങ്ങലുകൾക്ക് രംഗത്ത് ഇറങ്ങും. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 66,500 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 8200 ഡോളർ.
വെളിച്ചെണ്ണ കുതിപ്പിനെ തടയിടാൻ സർക്കാർ

സപ്ലൈക്കോ ഓണ വിൽപ്പനയ്ക്ക് വെളിച്ചെണ്ണ ഒരുക്കുന്ന തിരക്കിലാണ്. ഇക്കാലമത്രയും കേരളത്തിലെ മില്ലുകാർ ഉത്പാദിപ്പിച്ച വെളിച്ചെണ്ണ മാത്രം വാങ്ങിയിരുന്ന അവർ ഇനി തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നുമുള്ള എണ്ണ ശേഖരിക്കും. വിപണിയിൽ വെളിച്ചെണ്ണയുടെ കുതിപ്പിനെ തടയുകയാണ് സർക്കാർ ലക്ഷ്യം. എന്നാൽ, അതിർത്തി കടന്ന് എത്തുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മ വിലയിരുത്താൻ നമുക്ക് ഹൈടെക് ലാബുകളില്ല. അതിനാൽത്തന്നെ സർക്കാർ എജൻസി വില കുറച്ച് നമുക്ക് മുന്നിൽ വിൽപ്പനയ്ക്ക് ഒരുക്കുന്ന വെളിച്ചെണ്ണയുടെ ഗുണനിലവാരം അറിയുക ദുഷ്കരമാകും.
തമിഴ്നാട്ടിൽ കൊപ്ര സംസ്കരണം ഊർജിതമാക്കാൻ അവർ സൾഫർ ലായിനി പ്രയോഗം നടത്താറുണ്ട്. ഇത്തരം എണ്ണ അവർ വില കുറച്ചാണ് പല അവസരത്തിലും വിപണിയിൽ ഇറക്കുന്നത്. ഇത്തരത്തിലുള്ള എണ്ണയുടെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. സർവകാല റിക്കാർഡിലേക്ക് വെളിച്ചെണ്ണ ഉയർന്നതിനിടയിൽ ഫാറ്റി ആസിഡും പാം കർണൽ ഓയിലും കലർത്തിയും എണ്ണ വിപണിയിൽ ഇറക്കുന്നുണ്ട്. കഴിഞ്ഞ വർഷം കിലോ 150 രൂപയിൽ നീങ്ങിയ സന്ദർഭത്തിൽ പോലും ഇത്തരത്തിൽ മായം കലർന്ന വെളിച്ചെണ്ണ വിറ്റഴിച്ചിരുന്നവർ എണ്ണ വില 500ലേക്ക് ഉയർന്നപ്പോൾ മായം കലർന്ന എണ്ണ ഇറക്കുമെന്ന് ഉറപ്പെങ്കിലും അത്തരക്കാരെ നമുക്ക് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 38,500 രൂപയിലും കൊപ്ര 25,400 രൂപയിലുമാണ്.
പ്രതീക്ഷയിൽ ഏലം കർഷകർ

പല ഭാഗങ്ങളിലും ഏലം ആദ്യ റൗണ്ട് വിളവെടുപ്പ് പൂർത്തിയായി. എന്നാൽ, വിൽപ്പനയ്ക്കുള്ള പുതിയ ചരക്ക് വരവ് ഇനിയും ശക്തമല്ല. ആഭ്യന്തര-വിദേശ ഡിമാൻഡ് ഏലത്തിന് ആകർഷകമായ വിലയ്ക്ക് അവസരം ഒരുക്കുമെന്നാണ് സ്റ്റോക്കിസ്റ്റുകളുടെ നിഗമനം. വാരാന്ത്യം നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2681 രൂപയിലും മികച്ചയിനങ്ങൾ 3254 രൂപയിലുമാണ്. ഗ്വാട്ടിമാലയിൽ ഏലം ഉൽപാദനത്തിൽ ചെറിയ വിള്ളൽ സംഭവിച്ചതായുള്ള സൂചനകൾ നമ്മുടെ ഉത്പന്ന വില ഉയർന്ന തലത്തിൽ തുടരാൻ അവസരം ഒരുക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. ഓഗസ്റ്റ് രണ്ടാം പകുതിയിൽ ഗ്വാട്ടിമാലയിൽ വിളവെടുപ്പ് കൂടുതൽ ഊർജിതമാകും.
കൊക്കോ തിരിച്ചുവരവിന്

ആഗോള വിപണിയിൽ കൊക്കോ വില ഇടിവിൽ തുടരുന്നു. മുൻ നിര ഉൽപാദന രാജ്യമായ ഐവറി കോസ്റ്റിലും ഘാനയിലും കൊക്കോ ഉത്പാദനം ഉയരുമെന്ന വിലയിരുത്തലുകൾ രാജ്യാന്തര വിപണിയെ തളർത്തി. ന്യൂയോർക്കിൽ കൊക്കോ വില എട്ട് മാസത്തെ താഴ്ന്ന നിലവാരം ദർശിച്ചപ്പോൾ ലണ്ടൻ കൊക്കോ പതിനേഴ് മാസത്തെ ഏറ്റവും കുറഞ്ഞ വില വാരാന്ത്യം കണ്ടു. ചോക്ലേറ്റ് വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് മങ്ങിയത് വിപണിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. മധ്യകേരളത്തിൽ കൊക്കോ പച്ചക്കുരു കിലോ 160 രൂപയിലും കൊക്കോ പരിപ്പ് 410 രൂപയിലും വിപണനം നടന്നു.
കാപ്പിയിൽ ആശങ്ക

ബ്രസീലിൽനിന്നും യുഎസിലേക്കുള്ള കയറ്റുമതിക്ക് ഓഗസ്റ്റ് മുതൽ 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന വെളിപ്പെടുത്തൽ ആഗോള കാപ്പി കർഷകര പ്രതിസന്ധിലാക്കും. പ്രതികൂല വാർത്തകൾ അന്താരാഷ്ട്ര മാർക്കറ്റിൽ കാപ്പി വിലയെ ബാധിച്ച് തുടങ്ങി. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ അറബിക്ക കാപ്പി ഉത്പാദിപ്പിക്കുന്നത് ബ്രസീലാണ്. അതുകൊണ്ട് തന്നെ അവിടെ വില ഇടിഞ്ഞാൽ അതിന്റെ പ്രതിഫലനം മറ്റ് വിപണികളിലും അനുഭവപ്പെടും. വിയറ്റ്നാം റോബസ്റ്റ കാപ്പി ഉത്പാദനത്തിലും മുന്നിലാണ്. വയനാട്ടിൽ കാപ്പി പരിപ്പ് കിലോ 340 രൂപയിലും ഉണ്ടക്കാപ്പി 54 കിലോ 10,000 രൂപയിലുമാണ്.