ഓണത്തിന് മഞ്ഞക്കാർഡുകാർക്ക് സൗജന്യ കിറ്റ്
Sunday, July 20, 2025 10:47 PM IST
തിരുവനന്തപുരം: ഓണത്തിന് മഞ്ഞ കാർഡുകാർക്ക് അര ലിറ്റർ വെളിച്ചെണ്ണയും പഞ്ചസാരയും ചെറുപയറും പരിപ്പും അടങ്ങിയ സൗജന്യ കിറ്റ് നൽകുന്നു. സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ 15 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് നൽകും.
അതി ദരിദ്രരായ ആറുലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ഓണക്കിറ്റ്. കഴിഞ്ഞ വർഷം ഓണത്തിനും ഈ വിഭാഗത്തിന് സൗജന്യ കിറ്റ് നൽകിയിരുന്നു.
സാന്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയും കിറ്റിലുണ്ടാകും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരുകിറ്റ് സൗജന്യമായി ലഭിക്കും.
നീല കാർഡുകാർക്ക് 10 കിലോയും വെള്ളക്കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും. 10 കിലോ കെ റൈസ് 25 രൂപ നിരക്കിൽ നൽകും.