നിക്ഷേപക സാധ്യത
Sunday, July 20, 2025 10:47 PM IST
ഓഹരി അവലോകനം/ സോണിയ ഭാനു
തീരുവയുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങിയതോടെ രാജ്യാന്തര ഫണ്ടുകൾ പണം തിരിച്ചുപിടിക്കാൻ കാണിച്ച തിടുക്കം യുഎസ് ഡോളർ സൂചികയ്ക്ക് കരുത്ത് സമ്മാനിച്ചു. ഫോറെക്സ് മാർക്കറ്റിൽ ഡോളറിന്റെ മൂല്യം ഉയർന്നതിന് അനുസൃതമായി ഇതര കറൻസികൾ തളർന്നതിനിടയിൽ ഇന്ത്യൻ രൂപയ്ക്കും കാലിടറി.
വിദേശ ഫണ്ടുകൾ തുടർച്ചയായ മൂന്നാം വാരത്തിലും വിൽപ്പനയ്ക്ക് ഉത്സാഹിച്ചപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ എല്ലാ കരുത്തും സംഭരിച്ച് സൂചികയുടെ തകർച്ച തടയാൻ ശ്രമിച്ചിട്ടും ബോംബെ സെൻസെക്സ് 742 പോയിന്റും നിഫ്റ്റി സൂചിക 181 പോയിന്റും ഇടിഞ്ഞു. ഇതിനിടയിൽ ഇന്ത്യാ വോളാറ്റിലിറ്റി സൂചിക 11.39ലേക്ക് താഴ്ന്നത് നിക്ഷേപകരെ ആകർഷിക്കും. സൂചിക വിപണിയുടെ അടിത്തറ ശക്തമെന്ന സൂചനയാണ് നൽകുന്നത്.
വിപണിയുടെ സാങ്കേതികവശങ്ങൾ പലതും അൽപ്പം ദുർബലാവസ്ഥയിലേക്ക് മുഖം തിരിക്കുമ്പോഴും വിവിധ ഇൻഡിക്കേറ്ററുകൾ ന്യൂട്രൽ റേഞ്ചിലെങ്കിലും ഓവർ സോൾഡായി മാറുന്ന അവസ്ഥ വൈകാതെ ഒരു പുൾ ബാക്ക് റാലിക്ക് വഴിതെളിക്കാം. ഇതിനിടയിൽ ജൂലൈ സീരീസ് സെറ്റിൽമെന്റ് അൽപ്പം തളർച്ച കാണിക്കാം. രൂപയുടെ മൂല്യ ത്തകർച്ചയെ കേന്ദ്ര ബാങ്ക് മുന്നിലുള്ള ദിവസങ്ങളിൽ ഗൗരവത്തോടെ തന്നെ വീക്ഷിക്കും, അതായത് ഓഗസ്റ്റിൽ പലിശനിരക്കുകളിൽ വീണ്ടും ഭേദഗതിക്കുള്ള അവസരം തെളിയുന്നു. രൂപയെ താങ്ങാൻ 25 ബേസിസ് പോയിന്റ് ഇളവ് പ്രഖ്യാപിക്കാൻ ആർബിഐ മുന്നോട്ടുവന്നാൽ താഴ്ന്ന റേഞ്ചിൽനിന്നുള്ള വിപണിയുടെ തിരിച്ചുവരവിനുമാത്രമല്ല ഒക്ടോബർ വരെ നീളുന്ന ഒരു ബുൾ റാലിക്കും വഴിയൊരുക്കാം.
തിരിച്ചുവരവ് പ്രതീക്ഷയിൽ നിഫ്റ്റി, സെൻസെക്സ്
നിഫ്റ്റിക്ക് ഏതാനും ആഴ്ചകളായി സൂചിപ്പിക്കുന്ന 24,916 പോയിന്റിലെ സപ്പോർട്ട് നിർണായകമായി തുടരുന്നു. ഈ റേഞ്ചിൽ വിപണിക്ക് കാലിടറിയാൽ ഡെയ്ലി ചാർട്ട് ഡാമേജ് സാധ്യത. 25,149 പോയിന്റിൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച നിഫ്റ്റി ഒരുഘട്ടത്തിൽ 25,255 വരെ മുന്നേറിയ അവസരത്തിൽ ഉടലെടുത്ത വിൽപ്പന സമ്മർദത്തിൽ 24,920ലേക്ക് ഇടിഞ്ഞെങ്കിലും 24,916 ശക്തമായ സപ്പോർട്ട് ലഭിച്ചതിനാൽ മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 24,968ലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ ഈവാരം 24,841 പോയിന്റിൽ ആദ്യ സപ്പോർട്ട്, ഇത് നഷ്ടപ്പെട്ടാൽ 24,715 - 24,708ൽ താങ്ങുണ്ട്. അതേസമയം താഴ്ന്ന റേഞ്ചിൽ പുതിയ ബയിംഗിന് ഓപ്പറേറ്റർമാർ നീക്കംതുടങ്ങിയാൽ തിരിച്ചുവരവിൽ സൂചികയ്ക്ക് 25,172 പോയിന്റിലും 25,377ലും പ്രതിരോധം നേരിടാം.
നിഫ്റ്റി ജൂലൈ ഫ്യൂച്ചർ 25,032ലേക്ക് താഴ്ന്നു. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് രണ്ട് ശതമാനം ഉയർന്ന് 135 ലക്ഷം കരാറുകളിൽ നിന്നും 137 ലക്ഷം കരാറുകളായി. പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഓപ്പറേറ്റർമാർ നീക്കം നടത്തിതായി വേണം അനുമാനിക്കാൻ. ആ നിലയ്ക്ക് 24,800 റേഞ്ചിലേക്ക് നീങ്ങാനും ഇടയുണ്ട്.
സെൻസെക്സ് 83,500 പോയിന്റിൽനിന്നും തുടക്കത്തിൽ 83,776ലേക്ക് ഉയർന്ന അവസരത്തിൽ ഇടപാടുകാർ ലാഭമെടുപ്പിന് ഉത്സാഹിച്ചത് സൂചികയെ ഒരുവസരത്തിൽ 81,608ലേക്ക് ഇടിച്ചെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 81,757 പോയിന്റിലാണ്. ഈവാരം സെൻസെക്സിന് 82,482 - 83,207 പോയിന്റിൽ പ്രതിരോധമുണ്ട്, നിലവിലെ വിൽപ്പനസമ്മർദം തുടർന്നാൽ 81,325 - 80,893 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം.
പിന്തുണയുമായി മ്യൂച്വൽ ഫണ്ടുകൾ
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്. കഴിഞ്ഞവാരം എല്ലാ ദിവസങ്ങളിലും നിക്ഷേപകരായി നിലകൊണ്ട് അവർ 9490.54 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതോടെ ഈ മാസത്തെ ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ മൊത്തം 27,619.80 കോടി രൂപയുടെ നിക്ഷേപം നടത്തി. വിദേശ ഫണ്ടുകൾ പോയവാരം 7166.78 കോടി രൂപയുടെ വിൽപ്പനയും 495.21 കോടി രൂപയുടെ നിക്ഷേപവും നടത്തി. ജൂലൈയിൽ വിദേശ ഓപ്പറേറ്റർമാർ ഇതിനകം 18,901.68 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ മാർക്കറ്റിൽനിന്നും വിറ്റുമാറിയത്.
വിനിമയ വിപണിയിൽ രൂപയ്ക്ക് കാലിടറി. രൂപയുടെ മൂല്യം 85.77നിന്നും 86.34ലേക്ക് ദുർബലമായെങ്കിലും വാരാന്ത്യം അൽപ്പം കരുത്ത് തിരിച്ചുപിടിച്ച് വിനിമയ നിരക്ക് 86.15 ലാണ്.
ക്രൂഡ് ഓയിൽ വിലയിൽ കുറവ്
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കുറവ് അനുഭവപ്പെട്ടു. ക്രൂഡ് ഓയിൽ അവധി 69.30 ഡോളറിൽ നിന്നും 71.52 ഡോളറിലേക്ക് കയറിയ ശേഷം വാരാവസാനം 69.24ലേക്ക് താഴ്ന്നു. വിപണിക്ക് വ്യക്തമായ ഒരു ദിശ ഇനിയും കണ്ടെത്താനാവാത്തതും നിക്ഷേപകരെ പുതിയ ബാധ്യതകളിൽനിന്നും അകറ്റുന്നു.
ബാരലിന് 66-71 ഡോളർ റേഞ്ചിൽ നിന്നും അടുത്തവാരതോടെ പുറത്ത് കടക്കും. ഓഗസ്റ്റിൽ ക്രൂഡ് ഉത്പാദനം ഉയർത്താനുള്ള ഒപ്പെക്ക് പ്ലസ് നീക്കം എണ്ണ വില തണുക്കാൻ ഇടയാക്കാം. ഇതിനിടയിൽ റഷ്യൻ എണ്ണ ശേഖരിക്കുന്നവർക്ക് 500 ശതമാനം തീരുവയെന്ന യുഎസ് നിലപാട് ഇന്ത്യൻ ഇറക്കുമതിക്കാരെ അമേരിക്കയിലേക്ക് ആകർഷിക്കാനുള്ള തന്ത്രമായും വിലയിരുത്താം. വിപണിയുടെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ബാരലിന് 62-75 ഡോളർ റേഞ്ചിൽ അടുത്ത മാസം എണ്ണ വില നീങ്ങാം.
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണ വിലയിൽ ശക്തമായ ചാഞ്ചാട്ടം. ട്രോയ് ഔൺസിന് 3354 ഡോളറിൽനിന്നുള്ള വാങ്ങൽ താത്പര്യത്തിൽ നിരക്ക് 3374 ഡോളർ വരെ കയറിയ ശേഷം പൊടുന്നനെ 3311 ഡോളറിലേക്ക് താഴ്ന്നു. മാർക്കറ്റ് ക്ലോസിംഗ് വേളയിൽ 3349ലേക്ക് സ്വർണം തിരിച്ചുവരവ് കാഴ്ച്ചവച്ചു.