ടെസ്ല മുംബൈ ഷോറൂം തുറന്നു
Tuesday, July 15, 2025 11:26 PM IST
മുംബൈ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല മോട്ടോഴ്സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഷോറൂം ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് (ബികെസി) ഷോറൂം പ്രവർത്തനം തുടങ്ങിയത്.
4,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമാണിത്. ഷോറൂമിന്റെ പ്രതിമാസ വാടക 35 ലക്ഷം രൂപയാണെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ടെസ്ലയുടെ പ്രധാന പ്രദർശന കേന്ദ്രമായും എക്സ്പീരിയൻസ് സെന്ററായും മുംബൈ ഷോറൂം പ്രവർത്തിക്കും.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് ടെസ്ല തങ്ങളുടെ ആദ്യത്തെ എക്സ്പീരിയൻസ് സെന്റർ ആരംഭിച്ചത്. ഇന്ത്യയിൽ ടെസ്ലയുടെ ഗവേഷണ വികസനവും നിർമാണവും നടക്കുന്നതു കാണാൻ ആഗ്രഹിക്കുന്നതായും ഈ യാത്രയിൽ മഹാരാഷ്ട്രയെ ഒപ്പം പങ്കാളിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ രണ്ട് വേരിയന്റുകളിലായി മോഡൽ വൈ മാത്രമേ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളൂ. മോഡൽ വൈ റിയർ-വീൽ ഡ്രൈവിന് 61,07,190 രൂപ മുതലാണ് വില. മോഡൽ വൈ ലോംഗ് റേഞ്ച് റിയർ വീൽ ഡ്രൈവിന് 69,15,190 രൂപ മുതലും ആരംഭിക്കുന്നു. ഇറക്കുമതി തീരുവ കാരണം യുഎസ്, ചൈന, ജർമനി എന്നിവിടങ്ങളിലെ വിലയേക്കാൾ കൂടുതലാണ് ഇന്ത്യക്കാർ ടെസ്ല ഇവിക്ക് മുടക്കേണ്ടി വരിക.
നിലവിൽ പൂർണമായും നിർമിച്ച വാഹനങ്ങളാണ് ടെസ്ല ഇറക്കുമതി ചെയ്യുന്നത്. ആഡംബര ഇവി വിപണിയിൽ ബിവൈഡി സീൽ, കിയ ഇവി6, മെസിഡീസ് ഇക്യുബി എന്നിവയുമായാണ് മോഡൽ വൈ ഏറ്റുമുട്ടുന്നത്.
ടെസ്ല മോഡൽ വൈ ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ ഫുൾ ചാർജിൽ 622 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ദീർഘദൂര യാത്രകൾക്കും അനുയോജ്യമായിരിക്കും.
പെർഫോമൻസ് കണക്കുകളിലേക്കു നോക്കിയാൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്യുവിക്ക് 5.9 സെക്കൻഡ് മതിയാവും. കൂടാതെ 15 മിനിറ്റ് സൂപ്പർചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും.
ഈ വർഷം ഫെബ്രുവരിയിൽ, ഇലോണ് മസ്ക് വാഷിംഗ്ടണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഷോറൂം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ ആഴ്ച, അന്ധേരിയിലെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ (ആർടിഒ) നിന്ന് ടെസ്ലയ്ക്ക് അനുമതിയും ലഭിച്ചു. കഴിഞ്ഞ ജൂണിൽ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രി എച്ച്.ഡി. കുമാരസ്വാമി, ടെസ്ലയ്ക്ക് നിലവിൽ ഇന്ത്യയിൽ നിർമാണത്തിനു താത്പര്യമില്ലെന്നും ഷോറൂമുകൾ സ്ഥാപിക്കുന്നതിനാണ് പ്രധാന ശ്രദ്ധയെന്നും വ്യക്തമാക്കിയിരുന്നു.