റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് ആശ്വാസം; കനറാ ബാങ്ക് ‘തട്ടിപ്പ് ’വിഭാഗത്തില്‍നിന്ന് മാറ്റി
Friday, July 11, 2025 1:07 AM IST
മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായിരുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വായ്പകളെ 'തട്ടിപ്പ്' (Fraudulent) വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയാതായി കനറാ ബാങ്ക് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നിലവില്‍ പാപ്പരത്ത നടപടികള്‍ നേരിടുകയാണ്.
2017ല്‍ കനറ ബാങ്കില്‍നിന്ന് വായ്പയെടുത്ത 1,050 കോടി രൂപ ദുരുപയോഗം ചെയ്തതായി ആരോപിച്ച് ബാങ്ക് അംബാനിയുടെ ആര്‍കോമിനെയും അതിന്റെ യൂണിറ്റിനെയും തട്ടിപ്പ് സ്ഥാപനമായി തിരിച്ചിരുന്നു. മൂലധന ചെലവുകള്‍ക്കും കമ്പനിയുടെ നിലവിലുള്ള കടങ്ങള്‍ വീട്ടുന്നതിനുമായിരുന്നു കടം നല്‍കിയത്.
ബാങ്കിന്റെ "തട്ടിപ്പ്' ടാഗിനെ ചോദ്യം ചെയ്ത് അനില്‍ അംബാനി സമര്‍പ്പിച്ച പരാതിയിലാണ് ജസ്റ്റീസുമാരായ രേവതി മോഹിതേ, നീല ഗോഖലെ എന്നിവരുടെ ബെഞ്ച് കേസ് തീര്‍പ്പാക്കിയത്. ഓര്‍ഡര്‍ പിന്‍വലിച്ച വിവരം റിസര്‍വ് ബാങ്കിനെ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കനറ ബാങ്കില്‍ നിന്നെടുത്ത 1,050 കോടി രൂപയുടെ വായ്പ മറ്റ് കമ്പനികളുടെ ബാധ്യതകള്‍ തീര്‍ക്കാനായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വകമാറ്റി എന്നു കാണിച്ചാണ് വായ്പകളെ തട്ടിപ്പ് വിഭാഗത്തിലേക്ക് ബാങ്ക് മാറ്റിയത്.
2024 നവംബര്‍ എട്ടിന് അക്കൗണ്ടിനെ തട്ടിപ്പ് അക്കൗണ്ടായി തരംതിരിച്ചു. റിസര്‍വ് ബാങ്കിന്റെ ഫ്രോഡ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഉത്തരവ് പ്രകാരമായിരുന്നു ഈ നീക്കം. ബാങ്കിന്റെ ഈ നീക്കത്തിനെതിരേ അനിൽ അംബാനി കോടതിയെ സമീപിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു.
അന്ന് വായ്പ അക്കൗണ്ടുകള്‍ വഞ്ചനാപരമെന്ന് പ്രഖ്യാപിക്കുന്നതിനു മുമ്പ് കടംവാങ്ങിയ ആളുടെ വ്യക്തിപരമായ വാദം കേള്‍ക്കല്‍ അനുവദിക്കണമെന്ന് നിര്‍ദേശിക്കുന്ന സുപ്രീംകോടതി വിധിയുടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാസ്റ്റര്‍ സര്‍ക്കുലറിന്റെയും ലംഘനമാണ് ബാങ്ക് നടത്തിയതെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.
സുപ്രീംകോടതിയുടെ വിധിയും ആര്‍ബിഐയുടെ നിര്‍ദേശങ്ങളും ലംഘിക്കുന്ന ബാങ്കുകള്‍ക്കെതിരേ ആര്‍ബിഐ നടപടിയെടുക്കുമോയെന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചിരുന്നു.
ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആര്‍കോമിന്റെ വായ്പ അക്കൗണ്ടുകളെ വഞ്ചനാ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അനില്‍ അംബാനിക്കെതിരേ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എസ്ബിഐ ജൂലൈ രണ്ടിന് വ്യക്തമാക്കിയിരുന്നു. അംബാനി എസ്ബിഐയുടെ ഉത്തരവിനെ വെല്ലുവിളിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.