ഫോക്സ്കോണിന്റെ ഇന്ത്യൻ പ്ലാന്റുകളിൽ ചൈനക്കാർ വേണ്ട
Friday, July 4, 2025 10:41 PM IST
മുംബൈ: ആപ്പിൾ ഐഫോണ്‍ നിർമാതാക്കളായ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പ് ഇന്ത്യയിലെ പ്ലാന്റുകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ചൈനീസ് പൗരന്മാരോട് രാജിവച്ച് നാട്ടിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഉത്പാദനം കൂട്ടാൻ ആപ്പിൾ പദ്ധതിയിടുന്നതിനിടെയാണ് വിദഗ്ധരായ ചൈനീസ് ഉദ്യോഗസ്ഥരോട് രാജിവച്ച് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഫാക്ടറികളിൽനിന്നുള്ള എൻജിനിർമാരും സാങ്കേതികവിദ്ഗധരുമാണ് നാട്ടിലേക്കു മടങ്ങുന്നത്. ഫോക്സ്കോണിന്റെ ഈ നീക്കം ഇന്ത്യയിലെ ഐഫോണ്‍ നിർമാണങ്ങളെ മന്ദഗതിയിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. കന്പനിയുടെ ഈ തീരുമാനം ഇന്ത്യൻ തൊഴിലാളികളുടെ പരിശീലനവും സാങ്കേതികവൈദഗ്ധ്യ കൈമാറ്റവും മന്ദഗതിയിലാക്കുമെന്നും ഉത്പാദനച്ചെലവ് വർധിപ്പിക്കുമെന്നും പറയുന്നു.
ഏകദേശം രണ്ടു മാസം മുന്‍പാണ് ചൈനീസ് ജീവനക്കാരോട് നാട്ടിലേക്ക് മടങ്ങാൻ ഫോക്സ്കോൺ നിർദേശം നൽകിയത്. ഇതിനകം തന്നെ മുന്നൂറിലേറെ ചൈനീസ് വിദഗ്ധർ മടങ്ങിയതോടെ ഇന്ത്യയിലുള്ള സപ്പോർട്ട് സ്റ്റാഫുകളിൽ ഭൂരിഭാഗവും തായ്വാനിൽനിന്നുള്ളവരാണ്. ചൈനക്കാരെ നീക്കാനുള്ള കാരണം ഫോക്സ്കോൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചൈനീസ് സർക്കാർ തങ്ങളുടെ നിയന്ത്രണ ഏജൻസികളോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കുമുള്ള സാങ്കേതികവിദ്യകളും ഉപകരണങ്ങളും കയറ്റി അയയ്ക്കുന്നതിരേ നിലപാടെടുത്തതാണ് ഈ നീക്കത്തിനു പിന്നിലെന്നു സൂചനയുണ്ട്.
ഫോക്സ്കോണ്‍ ഇപ്പോഴും കൂടുതൽ ഐഫോണുകളും ചൈനയിലാണ് നിർമിക്കുന്നത്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ അസംബ്ലി പ്രവർത്തനങ്ങൾ വ്യാപകമാക്കി. ഇതിനായിട്ടാണ് ഇന്ത്യയിലെ പ്ലാന്റുകളിൽ ചൈനീസ് വിദഗ്ധരെ വിന്യസിച്ചത്. നാലു വർഷം മുന്‍പ് ഇന്ത്യയിൽ ഐഫോണുകളുടെ അസംബ്ലി മാത്രമായിരുന്നു. ഇപ്പോൾ ആഗോള ഉത്പാദനത്തിന്റെ അഞ്ചിലൊന്നും ഇന്ത്യയിൽനിന്നാണ്.
പുതിയതായി ഇറങ്ങാനുള്ള ഐഫോണ്‍ 17ന്റെ ഉത്പാദനം ഇന്ത്യയിൽ വർധിപ്പിക്കാനും ഇവിടെ മറ്റൊരു ഫാക്ടറി നിർമിക്കാനുമുള്ള പദ്ധതികൾക്കിടെയാണ് ഫോക്സ്കോണിന്റെ ഈ നീക്കം.
ചൈനീസ് ഉദ്യോഗസ്ഥരെ മാറ്റിയത് ഒരു വെല്ലുവിളിയായും മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരെ എത്തിക്കാനുമുള്ള അവസരമായാണ് ഇന്ത്യൻ സർക്കാർ കാണുന്നത്.
ചെന്നൈ, ബംഗളൂരു പ്ലാന്റുകളിൽനിന്നുള്ള എൻജിനിയർമാരുടെ മാറ്റം ഒരു വെല്ലുവിളിയാണെങ്കിലും ഇതിനെ മറികടക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഇവിടങ്ങളിൽനിന്നുള്ള തൊഴിൽസംഘത്തിന് വേണ്ട പരിശീലനം ലഭിച്ചിട്ടുണ്ടാകുമെന്നും അവർ നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്നും ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വിയറ്റ്നാം, യുഎസ് എന്നിവടിങ്ങളിൽനിന്ന് വിദഗ്ധരെ എത്തിക്കാനുള്ള അവസരമായും ഇതിനെക്കാണാനാകുമെന്നും ഇവർ വ്യക്തമാക്കി.