ഉപയോക്താക്കൾ കുറഞ്ഞു; സ്വർണത്തിന് ഇഎംഐ സ്കീം വേണമെന്ന് ആവശ്യം
Thursday, August 28, 2025 11:27 PM IST
കൊച്ചി: സ്വർണവില വർധനമൂലം ഉപയോക്താക്കളുടെ എണ്ണം കുത്തനേ ഇടിയുന്നതില്‍ സ്വര്‍ണവ്യാപാര മേഖലയിൽ ആശങ്ക. അന്താരാഷ്ട്ര വിപണിയിലെ സ്വർണത്തിന്റെ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണവിലയിൽ ഒരു പവന് 35,000 രൂപയുടെ വർധനയാണുണ്ടായത്.
22 കാരറ്റ് സ്വർണത്തിന് പവന് 75,240 രൂപയാണ് ഇന്നലത്തെ വിപണിവില. കേരളത്തിൽ വിവാഹ സീസൺ ആരംഭിച്ചതോടെ സാധാരണക്കാർക്ക് ഇത് ഇരുട്ടടിയായി. ഈ സാഹചര്യത്തിൽ സാധാരണ, ഇടത്തരം കുടുംബങ്ങൾക്കു സ്വർണം വാങ്ങുകയെന്നത് വലിയ കടമ്പയായി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാർഷിക സ്വർണ ഇറക്കുമതിയുടെ അളവ് ഏകദേശം 1,000 ടണ്ണിൽനിന്ന് 700 ടണ്ണിൽ താഴെയായി.
സ്വർണവില താങ്ങാനാകാതെ പിന്മാറുന്ന ഉപയോക്താക്കളെ ആകർഷിക്കാൻ മറ്റ് ഉപഭോക്തൃവസ്തുക്കൾക്കു സമാനമായി തുല്യമായ പ്രതിമാസ ഗഡു ( ഇഎംഐ ) പദ്ധതികൾ അനുവദിക്കണമെന്നാണു സ്വർണവ്യാപാരി സംഘടനകളുടെ ആവശ്യം.
ഇഎംഐ അധിഷ്ഠിത സ്വർണാഭരണ വാങ്ങലുകൾ അവതരിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആർബിഐ, ഐബിഎ, എൻബിഎഫ്സി എന്നിവയുമായി ചർച്ചകൾ ആരംഭിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് നിവേദനം നൽകി.