മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപിച്ചു
Monday, August 25, 2025 11:17 PM IST
കൊച്ചി: 2024 -2025 വർഷത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു. കൊച്ചിയിലെ റിനൈ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിയമ വ്യവസായ മന്ത്രി പി. രാജീവാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
200 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡും(കെൽട്രോൺ), 100 കോടി മുതൽ 200 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിയും 50 കോടി മുതൽ 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡും 50 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡും സംസ്ഥാനത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള പുരസ്കാരം ചടങ്ങിൽ മന്ത്രി പി. രാജീവ് വിതരണം ചെയ്തു.
കാഷ് അവാർഡും, ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 2023-24 വർഷത്തെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് പൂർത്തിയാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളെയാണ് അവാർഡിനായി പരിഗണിച്ചത്.
മികച്ച മാനേജിംഗ് ഡയറക്ടർ പുരസ്കാരം സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് എംഡി കമാൻഡർ (റിട്ടയേർഡ്) പി. സുരേഷ്, കേരള സ്റ്റേറ്റ് കയർ കോർപറേഷൻ ലിമിറ്റഡ് എംഡി ഡോ. പ്രതീഷ് പണിക്കർ എന്നിവർക്കാണ്. ഒരു ലക്ഷം രൂപ വീതം കാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.