വന്‍കിട പദ്ധതികള്‍ കേരളത്തിന് ആഗോളതലത്തില്‍ ഉറച്ച സ്ഥാനം നല്‍കും: മുഖ്യമന്ത്രി
Sunday, August 24, 2025 12:06 AM IST
കളമശേരി: വന്‍കിട പദ്ധതികള്‍ ആഗോള വ്യാവസായിക ഭൂപടത്തില്‍ കേരളത്തിന് ഉറച്ച സ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അദാനി ലോജിസ്റ്റിക്സ് പാര്‍ക്ക് പോലുള്ള വന്‍കിട പദ്ധതികള്‍ക്ക് അതിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കളമശേരിയില്‍ ലോജിസ്റ്റിക്സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
600 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ ആരംഭിക്കുന്ന ലോജിസ്റ്റിക്സ് പാര്‍ക്ക് വൻ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത്തരം പദ്ധതികള്‍ കൂടുതല്‍ സംരംഭകരെ കേരളത്തിലേക്കു കൊണ്ടുവരാന്‍ സഹായിക്കും.
സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി മൂന്നേമുക്കാല്‍ ലക്ഷത്തോളം സംരംഭങ്ങളാണ് സംസ്ഥാനത്തു തുടങ്ങിയത്. അതുവഴി 23,000 കോടിയുടെ നിക്ഷേപവും ഏഴര ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ സംസ്ഥാനം ഇപ്പോള്‍ രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഇന്‍വെസ്റ്റ് കേരള നിക്ഷേപകസംഗമത്തില്‍ വാഗ്ദാനം ചെയ്ത 97-ാമത്തെ പദ്ധതിയാണു ലോജിസ്റ്റിക്സ് പാര്‍ക്കിലൂടെ യാഥാര്‍ഥ്യമായതെന്നു മന്ത്രി പറഞ്ഞു. ഇന്‍വെസ്റ്റ് കേരളയുടെ ഭാഗമായി ഇതുവരെ 35284.75 കോടിയുടെ പദ്ധതികളാണ് നിര്‍മാണഘട്ടത്തിലേക്കു കടന്നിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മുഖ്യാതിഥിയായിരുന്നു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനിഷ്, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന് പിള്ള, അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് സിഇഒ അശ്വനി ഗുപ്ത, വെയര്‍ ഹൗസിംഗ് ആന്‍ഡ് അദാനി അഗ്രി ലോജിസ്റ്റിക്സ് ലിമിറ്റഡ് ബിസിനസ് ഹെഡ് പങ്കജ് ഭരദ്വാജ് തുടങ്ങിയവര്‍ പങ്കെടുത്തു.