വിപണിയിലെ കുതിപ്പിനു വിരാമം
Friday, August 22, 2025 11:01 PM IST
മുംബൈ: തുടർച്ചയായ ആറു ദിവസത്തെ നേട്ടത്തിനു വിരാമമിട്ട് ഓഹരി വിപണി. ആറു ദിവസത്തെ നേട്ടം നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചതാണ് ഇടിവിനു കാരണമായത്.
ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ ജാക്സണ് ഹാൾ പ്രസംഗത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതും ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന 25 ശതമാനം അധിക യുഎസ് താരിഫുകളെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരെ അസ്വസ്ഥരാക്കുന്നുണ്ട്.
സെൻസെക്സ് 693.86 പോയിന്റ് (0.85%) ഇടിഞ്ഞ് 81,306.85 ലും നിഫ്റ്റി 213.65 പോയിന്റ് (0.85%) നഷ്ടത്തിൽ 24,870.10ലും എത്തി.
ഫാർമ, കണ്‍സ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒഴികെയുള്ള എല്ലാ പ്രധാന സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ധനകാര്യ, ബാങ്കിംഗ് സൂചികകൾ ഒരു ശതമാനം വരെ ഇടിഞ്ഞു.
കഴിഞ്ഞ മൂന്ന് സെഷനുകളിലായി മൂന്നു ശതമാനം റാലി രേഖപ്പെടുത്തിയ ഐടി ഓഹരികൾ ഒരു ശതമാനം വരെ താഴ്ന്നു.