സ്പോർട്ടി എഎംജി സിഎൽഇ 53 കൂപ്പെ
Friday, August 22, 2025 11:01 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
മെഴ്സിഡസ് സി ക്ലാസ് കാറുകളുടെ സ്പോർട്ടി ഭാവവും ഇ ക്ലാസ് കാറുകളുടെ സ്ഥലസൗകര്യവും സമന്വയിപ്പിച്ച മെഴ്സിഡസ് എഎംജി സിഎൽഇ 53 കൂപ്പെ ഇന്ത്യൻ നിരത്തിൽ എത്തി. സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം ഉറപ്പു നൽകുന്ന രീതിയിൽ ആകർഷകമായ രൂപഭംഗിയോടെയാണ് ഈ സ്പോർട്ടി എലഗന്റ് ടു ഡോർ മോഡൽ എത്തിയിരിക്കുന്നത്.
ലക്ഷ്വറി പെർഫോമൻസ് വിഭാഗത്തെ പൂർണമായും പുനർനിർവചിക്കുകയും ടോപ് എൻഡ് ലക്ഷ്വറി വാഗ്ദാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മോഡലാണ് മെഴ്സിഡസ് എഎംജി സിഎൽഇ 53 കൂപ്പെ. മോഡൽ നിരയിൽ സിഎൽഇ 300 കാബ്രിയോലെയെക്കാൾ മുകളിലാണ് സിഎൽഇ 53 കൂപ്പെയുടെ സ്ഥാനം. ഈ വാഹനത്തിന്റെ വരവോടെ മെഴ്സിഡസിന് ഇന്ത്യയിൽ 10 എഎംജി മോഡലുകളായി.
11.9 ഇഞ്ച് ടച്ച്സ്ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, മൂന്ന് സെൻട്രൽ എസി വെന്റുകൾ എന്നിവയുൾപ്പെടെ സിഎൽഇ 53 കൂപ്പെയുടെ കാബിൻ സിഎൽഇ 300ന് സമാനമാണ്. കൂടാതെ ചുവന്ന സ്റ്റിച്ചിംഗും എക്സ്ട്ര ടച്ച് കണ്ട്രോളുമുള്ള അൽകന്റാരയിൽ പൊതിഞ്ഞ എഎംജി സ്പെക്ക് 3 സ്പോക്ക് സ്റ്റിയറിംഗ് വീൽ കൂപ്പെയിൽ വരുന്നുണ്ട്.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, ബർമെസ് സൗണ്ട് സിസ്റ്റം, മെമ്മറി ഫംഗ്ഷനുള്ള പവേർഡ് സീറ്റുകൾ, വയർലെസ് ഫോണ് ചാർജർ, ഹെഡ് അപ്പ് ഡിസ്പ്ലേ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. സിഎൽഇ 53 കൂപ്പെ സ്റ്റാൻഡേർഡായി 19 ഇഞ്ച് അലോയ് വീലുകളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇത് 20 ഇഞ്ച് വീലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാനും കഴിയും.
3.0 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് ഇൻലൈൻ ആറ് സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 5800-6100 ആർപിഎമിൽ 330 കിലോ വാട്ട് പവറും 2200-5000 ആർപിഎമിൽ 560 എൻഎം (ഓവർ ബൂസ്റ്റോടെ 600 എൻഎം) ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിൻ ആണിത്.
ഒന്പത് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സും മെഴ്സിഡസിന്റെ 4മാറ്റിക് + സിസ്റ്റവും വഴി നാല് വീലുകളിലേക്കും പവർ എത്തുന്നു. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.2 സെക്കൻഡ് മതി. ഉയർന്ന വേഗത 250 കിലോമീറ്റർ ആണ്. ഓപ്ഷണലായി എഎംജി പെർഫോമൻസ് പാക്കേജോടുകൂടി 270 കിലോമീറ്റർ വരെ വേഗത നേടാം.
സ്ലിപ്പറി, കംഫർട്ട് സ്പോർട്ട്, സ്പോർട്ട് പ്ലസ്, ഇൻഡിവിജ്വൽ എന്നിങ്ങനെ ഇഷ്ടാനുസരണം വാഹനം മാറ്റിയെടുക്കാൻ അഞ്ച് എഎംജി ഡൈനാമിക് സെലക്ട് ഡ്രൈവിംഗ് പ്രോഗ്രാമുകൾ സിഎൽഇ 53 കൂപ്പെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
10.4 കിലോമീറ്ററാണ് കന്പനി അവകാശപ്പെടുന്ന മൈലേജ്. 1.35 കോടി രൂപയാണ് മെഴ്സിഡസ് എഎംജി സിഎൽഇ 53 കൂപ്പെയുടെ എക്സ് ഷോറൂം വില. വാഹനത്തിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ല.