ഗാസ സിറ്റി പിടിച്ചെടുക്കാൻ ആക്രമണം തുടങ്ങി
Friday, August 22, 2025 3:42 AM IST
കയ്റോ: ഇസ്രേലി സേന ഗാസാ സിറ്റി പിടിച്ചെടുക്കാൻ ആക്രമണം ആരംഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പലസ്തീനികൾ പലായനം തുടങ്ങി. പത്തുലക്ഷത്തിലധികം പേർ തിങ്ങിപ്പാർക്കുന്ന നഗരത്തെ ആക്രമിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം വിമർശനം ശക്തമാക്കി.
ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങൾ ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായെന്നാണു റിപ്പോർട്ട്. ദിവസങ്ങളായി നഗരത്തിൽ ബോംബാക്രമണം നേരിടുന്നു. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ ഇടതടവില്ലാതെ ബോംബിംഗുണ്ടായി.
ഗാസ മുനന്പ് മുഴുവനായി നിയന്ത്രണത്തിലാക്കാനുള്ള ഇസ്രേലി സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണു ഗാസ സിറ്റിയിൽ ആക്രമണം തുടങ്ങിയിരിക്കുന്നത്. ഹമാസ് ഭീകരസംഘടനയുടെ ഭരണ, സൈനിക കേന്ദ്രമാണു ഗാസാ സിറ്റിയെന്ന് ഇസ്രേലി സൈനിക വക്താവ് എഫീ ഡെഫ്രിൻ ചൂണ്ടിക്കാട്ടി.
ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ആവശ്യപ്പെട്ടു. ആക്രമണവും ജനങ്ങളുടെ പലായനവും ഗാസയിലെ ദുരിതം വർധിപ്പിക്കുമെന്നു റെഡ് ക്രോസ് ചൂണ്ടിക്കാട്ടി. ഇസ്രേലി നീക്കം വലിയ നാശത്തിൽ കലാശിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.