മ്യാൻമറിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
Monday, August 18, 2025 11:49 PM IST
യാങ്കോൺ: മ്യാൻമറിലെ പൊതു തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഡിസംബർ 28നു നടക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. തുടർഘട്ടങ്ങൾ ഡിസംബർ അവസാനവും ജനുവരിയിലുമായി നടക്കും. ഇതിന്റെ തീയതികൾ പിന്നീട് അറിയിക്കും.
പട്ടാളം 2021 ഫെബ്രുവരിയിൽ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ചശേഷം മ്യാൻമറിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഇതിനു മുന്നോടിയായി പട്ടാള മേധാവി മിംഗ് ഓംഗ് ലെയിംഗിന്റെ നേതൃത്വത്തിൽ ഇടക്കാല സിവിലിയൻ ഭരണകൂടം രൂപവത്കരിച്ചിരുന്നു.
അതേസമയം, പട്ടാളഭരണം അരക്കിട്ടുറപ്പിക്കാനുള്ള തട്ടിപ്പ് തെരഞ്ഞെടുപ്പാണു നടക്കാൻ പോകുന്നതെന്ന വിമർശനം ശക്തമാണ്.
രാജ്യവ്യാപകമായി മുന്നൂറിലധികം മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താനാണു പട്ടാളം നീക്കം നടത്തുന്നത്. എന്നാൽ പല മണ്ഡലങ്ങളും പട്ടാളത്തെ എതിർക്കുന്ന സായുധഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. വോട്ടർപട്ടിക ഉണ്ടാക്കാനായി കഴിഞ്ഞവർഷം സെൻസസ് നടത്താൻ ശ്രമിച്ചിരുന്നു.
എന്നാൽ രാജ്യത്തെ 330 മുനിസിപ്പാലിറ്റികളിൽ 145 എണ്ണത്തിൽ മാത്രമേ സെൻസസ് നടന്നുള്ളൂ.