ആറുവയസുകാരനെ കൊലപ്പെടുത്തി അമേരിക്കയിൽനിന്നു രക്ഷപ്പെട്ട അമ്മ ഇന്ത്യയിൽ അറസ്റ്റിൽ
Friday, August 22, 2025 3:42 AM IST
ന്യൂയോർക്ക്: ആറുവയസുകാരൻ മകനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ എഫ്ബിഐ രണ്ടു കോടിയിലേറെ രൂപ തലയ്ക്കു വിലയിട്ട യുവതി ഇന്ത്യയിൽ അറസ്റ്റിൽ. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) 10 മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയ സിൻഡി റോഡ്രിഗസ് സിംഗാണ് (40) അറസ്റ്റിലായത്.
എഫ്ബിഐ ഡയറക്ടർ കഷ് പട്ടേൽ എക്സ് പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്. 2023ലാണ് സിൻഡി യുഎസിൽനിന്ന് കടന്നുകളഞ്ഞത്. ഭർത്താവ് അർഷ്ദീപ് സിംഗിനും ആറ് കുട്ടികൾക്കുമൊപ്പം ഇവർ ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു.
സിൻഡിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് എഫ്ബിഐ 2,50,000 യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ അധികൃതരുമായും ഇന്റർപോളുമായും സഹകരിച്ചാണ് എഫ്ബിഐ സിൻഡിയെ ഇന്ത്യയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ യുഎസിലേക്ക് കൊണ്ടുപോയി. ടെക്സാസിലെ അന്വേഷണ ഏജൻസികൾക്കു സിൻഡിയെ കൈമാറും. പ്രത്യേക പരിഗണന അർഹിക്കുന്ന മകൻ നോയൽ റോഡ്രിഗസ് അൽവാരസിനെ 2022ൽ കൊലപ്പെടുത്തിയെന്നാണ് സിൻഡിക്കെതിരായ കേസ്. 2022 ഒക്ടോബർ മുതൽ നോയിലിനെ കാണ്മാനില്ലായിരുന്നു.
കുട്ടി 2022 നവംബർ മുതൽ മെക്സിക്കോയിൽ പിതാവിനൊപ്പമാണെന്നാണു സിൻഡി പറഞ്ഞിരുന്നത്. രണ്ടാം ഭർത്താവും ആറു കുട്ടികളുമായി സിൻഡി ഇന്ത്യയിലേക്ക് കടക്കുമ്പോൾ ഇവർക്കൊപ്പം നോയൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടിയായിരുന്നു നോയൽ. 2023 ഒക്ടോബറിൽ ടെക്സസിലെ ജില്ലാ കോടതി സിൻഡിക്കെതിരായി കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ വർഷം ഇന്റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.