ഓപ്പറേഷൻ സിന്ദൂർ ; പാക്കിസ്ഥാനു പുതിയ മിസൈൽ സേന
Friday, August 15, 2025 1:45 AM IST
ഇസ്ലാമാബാദ്: മിസൈലുകൾ കൈകാര്യം ചെയ്യാൻവേണ്ടി മാത്രം പാക്കിസ്ഥാനിൽ പുതിയ സേന രൂപവത്കരിക്കുന്നു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണു നീക്കം.
മേയിൽ ഇന്ത്യയുമായുണ്ടായ സംഘർഷത്തെ അനുസ്മരിച്ച് ബുധനാഴ്ച ഇസ്ലാമാബാദിൽ നടന്ന പരിപാടിയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ആണ് പുതിയ സേനാ വിഭാഗത്തെ പ്രഖ്യാപിച്ചത്. ആർമി റോക്കറ്റ് ഫോഴ്സ് എന്നായിരിക്കും ഇതിന്റെ പേര്.
ആധുനിക സാങ്കേതിവിദ്യകളാൽ സജ്ജമായിരിക്കും ഈ സേന. ശത്രുവിനെ എല്ലാ ഭാഗത്തുനിന്നും ആക്രമിക്കാനുള്ള ശേഷി സേനയ്ക്കുണ്ടായിരിക്കും. പരന്പരാഗത യുദ്ധത്തിൽ പാക്കിസ്ഥാന്റെ ശേഷി വർധിപ്പിക്കാൻ മിസൈൽ സേനയ്ക്കു കഴിയുമെന്നും ഷെഹ്ബാസ് ഷരീഫ് കൂട്ടിച്ചേർത്തു.
ഇന്ത്യയെ ലക്ഷ്യമിട്ടാണു പുതിയ സേന രൂപവത്കരിക്കുന്നതെന്നു പാക്കിസ്ഥാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുദ്ധത്തിൽ മിസൈലുകൾ പ്രയോഗിക്കുന്നതു മാത്രമായിരിക്കും സേനയുടെ ഉത്തരവാദിത്വമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.