തെക്കൻ യൂറോപ്പിൽ ഉഷ്ണതരംഗവും കാട്ടുതീയും
Thursday, August 14, 2025 4:07 AM IST
ആഥൻസ്: തെക്കൻ യൂറോപ്പിൽ ശക്തമായ ഉഷ്ണതരംഗം. ഗ്രീസിൽ 24 മണിക്കൂറിനിടെ 152 കാട്ടുതീ ഉണ്ടായെന്നാണ് ഇന്നലെ അറിയിച്ചത്. ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചുമാറ്റേണ്ടിവന്നു. സ്പെയിൻ, അൽബേനിയ, തുർക്കി എന്നീ രാജ്യങ്ങളിൽ കാട്ടുതീയുമായി ബന്ധപ്പെട്ട് മൂന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗ്രീസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഹിയോസ്, സക്കിന്തോസ് ദ്വീപുകളിൽ തീപിടിത്തമുണ്ടായി. 4850 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയതായി അറിയിപ്പിൽ പറയുന്നു. സ്പെയിനിലെ വടക്കൻ പ്രവിശ്യയായ ലിയോണിൽ കാട്ടുതീ പടർന്നതിനെത്തുടർന്ന് 4000 പേരെ ഒഴിപ്പിച്ചുമാറ്റി.
ഇറ്റലിയിൽ സൂര്യാഘാതമേറ്റ് ഒരു കുഞ്ഞ് മരിച്ചു. ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി, ബാൾക്കൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ ഉഷ്ണതരംഗത്തെക്കുറിച്ച് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.