ബംഗ്ലാ തെരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ
Monday, August 11, 2025 1:45 AM IST
ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഫെബ്രുവരി ആദ്യവാരം പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ നസീർ ഉദ്ദീൻ അറിയിച്ചു. കൃത്യമായ തീയതി പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പു സംവിധാനത്തിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടമായെന്നും ഇതു വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കമ്മീഷനെന്നും ഉദ്ദീൻ കൂട്ടിച്ചേർത്തു.
ഇടക്കാല സർക്കാരിനെ നയിക്കുന്ന പ്രഫ. മുഹമ്മദ് യൂനുസും ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഏതാനും ദിവസം മുന്പ് പറഞ്ഞിരുന്നു.
കഴിഞ്ഞവർഷത്തെ പ്രക്ഷോഭത്തിൽ ഇന്ത്യയിലേക്കു പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ ഇടക്കാല സർക്കാർ നിരോധിച്ചിരിക്കുകയാണ്. അവാമി ലീഗിന്റെ എതിർപക്ഷത്തുണ്ടായിരുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(ബിഎൻപി) ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ കക്ഷി.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിഎൻപി 12 പാർട്ടികളുടെ സഖ്യം രൂപീകരിച്ചിട്ടുണ്ട്. അതേസമയം മുൻ സഖ്യകക്ഷിയായ ജമാത്ത് ഇ ഇസ്ലാമി ഇതിൽ ഉൾപ്പെട്ടിട്ടില്ല.