ഗാസ സിറ്റി ഏറ്റെടുക്കുന്നതിൽ പ്രതിഷേധവുമായി ഇസ്രേലി ജനത
Monday, August 11, 2025 1:45 AM IST
ടെൽ അവീവ്: ഗാസയിലെ പ്രധാന നഗരമായ ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നെതന്യാഹു സർക്കാരിന്റെ തീരുമാനത്തിനെതിരേ തെരുവിലിറങ്ങി ഇസ്രേലി ജനത. ശനിയാഴ്ച രാത്രി ടെൽ അവീവ് നഗരത്തിൽ നടന്ന പ്രകടനത്തിൽ ഒരു ലക്ഷം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.
നെതന്യാഹു സർക്കാരിന്റെ തീരുമാനം ഹമാസിന്റെ കസ്റ്റഡിയിലുള്ള ഇസ്രേലി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് പ്രകടനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഇസ്രേലി ദേശീയ പതാകയും ബന്ദികളുടെ ചിത്രങ്ങളും പ്രകടനക്കാരുടെ കയ്യിലുണ്ടായിരുന്നു.
തീരുമാനം നടപ്പിലാക്കുന്നതിൽനിന്ന് പ്രധാനമന്ത്രി നെതന്യാഹുവിനെ തടയാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇടപെടണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. ഇസ്രേലി സേനയാൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻ കുട്ടികളുടെ ചിത്രങ്ങളും ചില പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി.
ഗാസ മുഴുവൻ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഗാസാ സിറ്റി ഏറ്റെടുക്കാൻ ഇസ്രേലി സർക്കാർ തീരുമാനിച്ചതെന്ന സൂചനയുണ്ട്. തീരുമാനത്തിൽ അമേരിക്ക ഒഴിച്ചുള്ള പ്രമുഖ പാശ്ചാത്യ ശക്തികൾ ഇസ്രയേലിനെ വിമർശിക്കുകയാണുണ്ടായത്.
സർക്കാരിനെ താങ്ങിനിർത്തുന്ന തീവ്രവലതുപക്ഷ കക്ഷികളുടെ സമ്മർദത്തിനു വഴങ്ങിയാണ് നെതന്യാഹുവിന്റെ തീരുമാനമെന്നും പറയുന്നു. ഗാസ സിറ്റി ഏറ്റെടുക്കുന്നതിൽ ഇസ്രേലി സേന എതിർപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. ഇതു മൂലം ഗാസയിലെ ഇസ്രേലി ബന്ദികളുടെ ജീവൻ അപകടത്തിലാകാമെന്ന് സൈന്യം മുന്നറിയിപ്പു നല്കി.
അന്പതോളം ബന്ദികളെയാണ് ഗാസയിൽനിന്ന് വിട്ടുകിട്ടാനുള്ളത്. ഇതിൽ 20 പേരേ ഇപ്പോൾ ജീവനോടെയുള്ളൂ എന്നാണ് നിഗമനം.