നിർമാണം അമേരിക്കയിലല്ലെങ്കിൽ ചിപ്പുകൾക്ക് 100 ശതമാനം തീരുവ: ട്രംപ്
Friday, August 8, 2025 2:40 AM IST
വാഷിംഗ്ടൺ: കംപ്യൂട്ടർ ചിപ്പുകൾക്കും തീരുവ വർധപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ഇലക്ട്രോണിക്സ്, മോട്ടർവാഹനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനു കാരണമാകും. ചിപ്പുകൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നാണ് മുൻ തീരുമാനത്തിനു വിരുദ്ധമായി ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്.
ലോകം കൂടുതൽ ഡിജിറ്റലായതോടെ ട്രംപിന്റെ തീരുവ തീരുമാനം വൻ ആഘാതമാകും വരുത്തുക. ചിപ്പുകൾക്കും സെമി കണ്ടക്ടറുകൾക്കും 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഓവൽ ഓഫീസിൽ ആപ്പിൾ സിഇഒ ടിം കുക്കുമായി നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കയിൽ ഇവ നിർമിച്ചാൽ ഒരുതരത്തിലുള്ള നിരക്കും ഈടാക്കില്ലെന്നും ട്രംപ് അറിയിച്ചു. യുഎസിൽ കമ്പ്യൂട്ടർ ചിപ്പുകൾ നിർമിക്കുന്ന കമ്പനികളെ ഇറക്കുമതി നികുതിയിൽനിന്ന് ഒഴിവാക്കുമെന്നും ട്രംപ് പറഞ്ഞു.
ലോകമെമ്പാടും കമ്പ്യൂട്ടർ ചിപ്പുകൾക്കുള്ള ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ചിപ്പുകളുടെ വിൽപ്പന 19.6 ശതമാനം വർധിച്ചതായി വേൾഡ് സെമികണ്ടക്ടർ ട്രേഡ് സ്റ്റാറ്റിസ്റ്റിക്സ് ഓർഗനൈസേഷൻ പറയുന്നു.
തീരുവ ഭീഷണിയിലൂടെ അമേരിക്കയിൽ ഫാക്ടറി തുറക്കാൻ ടെക് ഭീമന്മാരെ പ്രേരിപ്പിക്കാനാകുമെന്നാണ് ട്രംപ് കരുതുന്നത്.