ഗാസായുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്നു ട്രംപിനോട് ഇസ്രയേലിലെ മുൻ ഉദ്യോഗസ്ഥർ
Tuesday, August 5, 2025 2:48 AM IST
ജറൂസലെം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടു ഇസ്രയേലിലെ മുൻ സുരക്ഷാ ഉദ്യോഗസ്ഥർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കത്തയച്ചു. സർവീസിൽനിന്നു വിരമിച്ച സൈനിക മേധാവികളും ഇന്റലിജൻസ് ഓഫീസർമാരുമുൾപ്പെടെ 600 ഓളം പേർ ഒപ്പിട്ട കത്താണ് ട്രംപിന് അയച്ചത്.
തങ്ങളുടെ വിദഗ്ധ നിഗമനപ്രകാരം ഹമാസ് ഇനിയൊരിക്കലും ഇസ്രയേലിനൊരു ഭീഷണിയല്ലെന്ന് കത്തിൽ അവർ ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും ബന്ദികളുടെ മോചനം സാധ്യമാക്കാനും ഗാസയിലെ ദുരിതജീവിതത്തിന് അറുതി വരുത്താനും നടപടി വേണം.
ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ബെഞ്ചമിൻ നെതന്യാഹുവിനെയും സർക്കാരിനെയും പ്രേരിപ്പിക്കാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസുമായുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതോടെ ഗാസയിലെ സൈനികനടപടി വ്യാപിപ്പിക്കാൻ നെതന്യാഹു തീരുമാനിച്ചിരിക്കെയാണു മുൻ ഉദ്യോഗസ്ഥരുടെ ഇടപെടൽ.
അതേസമയം, ഗാസാ യുദ്ധം ഒരു വംശഹത്യയാണെന്ന് താൻ കരുതുന്നില്ലെന്നും ഒക്ടോബർ ഏഴിന് ഇതിലും ഭയാനകമായ കാര്യങ്ങൾ സംഭവിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഗാസയിലെ ജനങ്ങളുടെ ദുരിതമകറ്റാൻ ഇടപെടുന്നുണ്ടെന്നും ഇതിനായി പണം ചെലവഴിക്കുന്നുണ്ടെന്നും ദുരിതാശ്വാസ വിതരണം ഏകോപിപ്പിക്കാൻ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അവിടെയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇതിനിടെ, ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളിലൊരാളുടെ വീഡിയോദൃശ്യങ്ങൾ ഞെട്ടിച്ചതായി യൂറോപ്യൻ നേതാക്കൾ പ്രതികരിച്ചു. ഇനിയെങ്കിലും ബന്ദികളെ മോചിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് തയാറാകണമെന്നും യൂറോപ്യൻ നേതാക്കൾ അഭ്യർഥിച്ചു.
എല്ലുംതോലുമായ നിലയിൽ തൂന്പയുമായി കുഴിയെടുക്കുന്ന ഡേവിഡ് എന്ന ബന്ദിയുടെ വീഡിയോദൃശ്യങ്ങളാണു ഹമാസ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. സ്വന്തം ശവക്കുഴി കുഴിക്കുന്നതിനായി ആരോ ഡേവിഡിനു നിർദേശം നൽകുന്ന ശബ്ദവും വീഡിയോയിലുണ്ട്.