ദുരൂഹസാഹചര്യത്തില്‍ മൂന്ന് സ്ത്രീകളെ കാണാതായ സംഭവം; പ്രതി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കൂടുതല്‍ അസ്ഥികൾ കണ്ടെടുത്തു
Tuesday, August 5, 2025 2:36 AM IST
ആലപ്പുഴ (ചേര്‍ത്തല): ദുരൂഹസാഹചര്യത്തില്‍ മൂന്ന് സ്ത്രീകളെ കാണാതായ സംഭവത്തില്‍ പ്രതി സെബാസ്റ്റ്യന്റെ ചേർത്തല പള്ളിപ്പുറത്തെ പുരയിടത്തിൽനിന്ന് കൂടുതല്‍ അസ്ഥികള്‍ കണ്ടെടുത്തു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജയ്നമ്മ എന്നിവരുടെ തിരോധാനക്കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ സെബാസ്റ്റ്യന്റെ വീട്ടില്‍ ഇന്നലെ നടന്ന തെളിവെടുപ്പിലാണ് അസ്ഥികള്‍ കണ്ടെടുത്തത്.
മുറിക്കുള്ളില്‍ രക്തക്കറയും ഒരു ലേഡീസ് ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ പുറകിലുള്ള കാട് വെട്ടിത്തെളിച്ച് കുഴിയെടുത്തപ്പോഴാണ് വീണ്ടും അസ്ഥിക്കഷണങ്ങള്‍ ലഭിച്ചത്. രണ്ടു തവണയായി നടത്തിയ പരിശോധനയില്‍ ഇരുപതോളം അസ്ഥിക്കഷണങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കത്തിക്കരിഞ്ഞ നിലയിലാണ് ഇവ. കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 25 മീറ്റര്‍ മാറിയാണ് ഇന്നലെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്ന സെബാസ്റ്റ്യനെ തെളിവെടുപ്പിനായി ഇന്നലെ 12.30നാണ് വന്‍ പോലീസ് സന്നാഹത്തോടെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചത്. കോട്ടയം, ആലപ്പുഴ ക്രൈംബ്രാഞ്ച് സംയുക്തമായാണ് തെളിവെടുപ്പ് നടത്തിയത്. സെബാസ്റ്റ്യന്റെ പുരയിടത്തിലെ തെക്കുഭാഗത്തുള്ള കുളത്തിന്റെ സമീപസ്ഥലങ്ങൾ വെട്ടിത്തെളിച്ചതിനുശേഷം സെബാസ്റ്റ്യന്‍ പറഞ്ഞ ഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്.
സെബാസ്റ്റ്യന്റെ പുരയിടത്തില്‍നിന്നു എല്ലിന്റെയും വസ്ത്രങ്ങളുടെയും മണം പിടിച്ച് പോലീസ് നായ് വീടിന്റെ പുറകിലുള്ള കുളത്തിലും പരിസരത്തും മണം പിടിച്ചുനിന്നു. തുടര്‍ന്നാണ് അഗ്നിശമനസേനയുടെ വാഹനം ഉപയോഗിച്ച് കുളം വറ്റിച്ചത്.
കുളത്തില്‍നിന്നു സംശയാസ്പദമായി ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് സംഘം പരിശോധനയ്ക്കായി ഏറ്റെടുത്തു. തുടര്‍ന്നാണ് പുരയിടത്തിനു സമീപമുള്ള തോടും മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കാന്‍ ആരംഭിച്ചത്. പരിശോധന രാത്രിയിലും തുടര്‍ന്നു.
അടിമുടി ദുരൂഹത
കഴിഞ്ഞദിവസമാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജെയ്നമ്മയുടെ കേസ് അന്വേഷിക്കുന്ന സംഘമാണ് അസ്ഥികള്‍ കണ്ടെത്തിയത്. ലഭിച്ച തലയോട്ടിയുടെയും തുടയെല്ലുകളുടെയും പ്രാഥമിക പരിശോധനയില്‍ മരിച്ചത് ജെയ്നമ്മയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. 10 വര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ചേര്‍ത്തല സ്വദേശിനി ഐഷയുടെ അസ്ഥികളാണോ ലഭിച്ചതെന്ന പരിശോധനകളിലേക്കു കടന്നിട്ടുണ്ട്.
എല്ലുകളുടെ പഴക്കവും തലയോട്ടിയോടൊപ്പം കിട്ടിയ കമ്പിയിട്ട പല്ലുമാണ് സംശയങ്ങള്ക്കിടയാക്കിയത്. ജെയ്നമ്മയ്ക്ക് അത്തരത്തില്‍ പല്ലുകളില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിക്കുകയും ഐഷയ്ക്ക് ഒരു വെപ്പുപല്ലുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം ഐഷയുടെ മകളെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ച് രക്തം ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്കയച്ചു. അടുത്തയാഴ്ചയോടെ ഡിഎന്‍എ ഫലം വരുമ്പോള്‍ ഇതില്‍ സ്ഥിരീകരണമാകും. കൊല്ലപ്പെട്ടത് ആരെന്ന് കണ്ടെത്തുകയാണ് ക്രൈബ്രാഞ്ചിന്റെ അടുത്ത ലക്ഷ്യം. ഇതിനായി ഡിഎന്‍എ പരിശോധനാ ഫലമാണ് നിര്‍ണായകമാകുക. അടുത്തദിവസംതന്നെ ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.