നാട്ടിൽ അയ്യായിരത്തിലേറെ കുറുക്കൻമാർ
Monday, August 4, 2025 4:32 AM IST
തൃശൂർ: സംരക്ഷിതവനമേഖലകളിലേക്കാൾ കൂടുതൽ കുറുക്കന്മാരുടെ (ഗോൾഡൻ ജാക്കാള്‍) സാന്നിധ്യം നാട്ടിലുണ്ടെന്നു പഠനറിപ്പോർട്ട്. 874 റവന്യു വില്ലേജുകളിലായി അയ്യായിരത്തിലേറെ കുറുക്കന്മാരുടെ സാന്നിധ്യം ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെ പഠനത്തിൽ സ്ഥിരീകരിച്ചു.
ആകെ 20,000 മുതൽ 30,000 വരെ കുറുക്കൻമാർ കേരളത്തിലുണ്ട്. സംരക്ഷിതവനമേഖലയിൽ രണ്ടു ശതമാനം മാത്രമാണു സാന്നിധ്യം. നഗരമേഖലകളിലുള്ള കുറുക്കൻമാർ നായ്ക്കളുമായി ഇണചേരുന്നതിനാൽ ജനിതകഘടനയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും കണ്ടെത്തി.
മാലിന്യക്കൂന്പാരങ്ങളിൽനിന്നു ഭക്ഷണം കണ്ടെത്തുന്ന പ്രവണത വ്യാപകമാണ്. ജൈവമാലിന്യങ്ങൾ കഴിച്ചു ജീവിക്കുന്നതു മറ്റെന്തെങ്കിലും പ്രത്യാഘാതം സൃഷ്ടിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. പശ്ചിമഘട്ടവനങ്ങളിൽ ഇവയെ അപൂർവമായേ കാണാറുള്ളൂ. ആലപ്പുഴയുടെ തീരമേഖല, അട്ടപ്പാടി തുടങ്ങിയ മേഖലകളിൽ കണ്ടിട്ടില്ല. മൂന്നാർ പോലെ തണുപ്പേറിയ ഇടങ്ങളിൽ ഇവയെ കാണുന്നുണ്ട്.
കേരളത്തിൽ കുറുക്കന്മാർ സാധാരണമാണെങ്കിലും എണ്ണം, ജനിതകവ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികപഠനം വിരളമാണ്. 2157 പേർ പങ്കെടുത്ത ഓണ്‍ലൈൻ സർവേ വഴിയാണു പഠനം പൂർത്തിയാക്കിയത്. 874 വില്ലേജുകളിൽ കുറുക്കൻമാരുടെ സാന്നിധ്യത്തിനു ചിത്രങ്ങളും ജിപിഎസ് ലൊക്കേഷനും സഹിതം സ്ഥിരീകരണം ലഭിച്ചു. പഠനം നടത്തിയ ഡോ. പി.എസ്. ഈസ, എസ്. ധ്രുവരാജ്, ഡോ. സന്ദീപ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണു കണക്കുകൾ ക്രോഡീകരിച്ചത്.
റവന്യുവകുപ്പിന്റെ കണക്കുപ്രകാരം 1666 വില്ലേജുകൾ ഉള്ളതിൽ 1066 വില്ലേജുകളില്‍ വരെ കുറുക്കന്റെ സാന്നിധ്യമുണ്ടാകാം. 874 വില്ലേജുകളിൽ ഇതു സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചു. സമുദ്രനിരപ്പിൽനിന്ന് 200 മീറ്ററിൽ താഴെ ഉയരമുള്ള സമതലമേഖലകളിലാണ് ഇവയേറെയും.
മാവ്, തെങ്ങ്, റബർതോട്ടങ്ങൾ, നെൽവയലുകൾ, ഗ്രാമീണ മനുഷ്യവാസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണു കൂടുതലും കഴിയുക. കാട്ടുപന്നിയുടെ കുഞ്ഞുങ്ങളെ കുറുക്കമ്മാർ വേട്ടയാടുന്നത് പന്നി പെരുകാതിരിക്കാൻ ഇടയാക്കിയിരുന്നു.
രാസകീടനാശിനികളുടെ അമിതോപയോഗംമൂലം വയനാട്ടിൽ പലയിടത്തും കുറുക്കന്മാർ അപ്രത്യക്ഷമായി. സർവേയിൽ പങ്കെടുത്ത 75% പേരും കുറുക്കന്മാരെ ശല്യമായി കാണുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.