ബഥനി സന്യാസിനീ സമൂഹം സാര്‍വത്രിക തിരുസഭയ്ക്ക് അനുഗ്രഹം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്
Sunday, August 3, 2025 2:23 AM IST
തിരുവനന്തപുരം: ബഥനി സന്യാസിനീ സമൂഹം സാര്‍വത്രിക തിരുസഭയ്ക്ക് വലിയ അനുഗ്രഹമാണെന്നു മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ബഥനി സന്യാസിനീ സമൂഹം രൂപീകരിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം പട്ടം സെന്റ് മേരീസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 100 വയസ് പൂര്‍ത്തിയാകുമ്പോള്‍ ബഥനി സന്യാസിനീ സമൂഹത്തിന്റെ ശുശ്രൂഷകളെയോര്ത്ത് ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.
എല്ലാ ഭൂഖണ്ഡങ്ങളിലും യേശുവിന്റെ സുവിശേഷം എത്തിക്കുന്നതിലും പാവപ്പെട്ട മനുഷ്യരെ കരുതുന്നതിലുമെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബഥനി സമൂഹം നിര്‍വഹിക്കുന്നത്. മിഷനറി ആകുക, രക്തസാക്ഷിയുടെ വേഷം അണിയുക, വേണ്ടിവന്നാല്‍ ദൈവസ്നേഹത്തെപ്രതി ജീവന് വെടിയുന്നതിനും മടിയില്ല എന്നു ലോകത്തോട് സാക്ഷ്യപ്പെടുത്തുക. ബഥനി സന്യാസിനീ സമൂഹത്തിന്റെ ശുശ്രൂഷകളെയോര്ത്ത് ദൈവത്തിനു നന്ദി പറയുന്നതായും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
ബഥനി സന്യാസിനീ സമൂഹത്തിന്റെ ഒരു നൂറ്റാണ്ടു നീണ്ട സേവനം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പറഞ്ഞു. ദൈവം പറഞ്ഞ കടുകുമണിയുടെ ഉപമയാണ് ഇപ്പോള്‍ ഓര്മ വരിക.
100 വര്‍ഷം മുന്‍പ് കടുകുമണിയോളം പോന്ന ബഥനിയുടെ സേവനങ്ങള്‍ ഇന്നു ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. മലങ്കര സഭയുടെ അനുഗ്രഹമായി നില്ക്കുന്ന സന്യാസിനീ സമൂഹത്തിന്റെ ശതാബ്ദിയുടെ ഈ അവസരം ഏറെ വിശേഷപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സന്യാസിനിയായി ജീവിതം നയിക്കുകയെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സന്യാസം ഇന്ന് അതീജീവനത്തിനായുള്ള പോരാട്ടത്തിലാണെന്ന് ഓര്‍ഡര്‍ ഓഫ് ദ ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് സുപ്പീരിയര്‍ ജനറല്‍ റവ.ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ പറഞ്ഞു.