തേങ്ങാ ഉത്പാദനത്തിൽ 25 ശതമാനം കുറവ്
Sunday, August 3, 2025 2:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നാളികേര ഉത്പാദനത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തോളം കുറവുണ്ടായതായി പഠന റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനവും രോഗബാധയുമാണ് കാരണം.
കേരളത്തിൽ നാളികേര ഉത്പാദനത്തിലുണ്ടായ കുറവിനെക്കുറിച്ചു പഠിക്കാൻ സമിതികളെ നിയോഗിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്പാദനത്തിൽ 40 ശതമാനത്തോളം കുറവുണ്ടായതായി ലോകബാങ്കിന്റെ കമ്മോഡിറ്റി മാർക്കറ്റ് ഔട്ട്ലുക്ക് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഉയരാനും ഇതു കാരണമാണ്. വിലവർധന അടുത്ത വർഷം വരെ തുടരാനാണു സാധ്യത.
ഓണത്തിന് സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി കൃഷിവകുപ്പിന്റെ കേരഫെഡ് വെളിച്ചെണ്ണ, സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലാണ്. ഇക്കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്തും.
നിലവിൽ ശബരി വെളിച്ചെണ്ണയാണ് സപ്ലൈകോ വഴി ലഭ്യമാക്കുന്നത്. ഓണത്തിന് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കർഷകച്ചന്തകൾ വഴി വെളിച്ചെണ്ണ ലഭ്യമാക്കാൻ കഴിയില്ല. റേഷൻ കാർഡ് അടക്കം പരിശോധിച്ചാണ് സബ്സിഡി സാധനങ്ങൾ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.