സർക്കാർ പാനൽ തള്ളി ഗവർണർ; സിസയും ശിവപ്രസാദും വീണ്ടും വിസിമാർ
Saturday, August 2, 2025 2:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക സർവകലാശയിലും ഡിജിറ്റൽ സർവകലാശാലയിലും സർക്കാർ നല്കിയ പാനൽ തള്ളി ഗവർണർ സ്വന്തം നിലയ്ക്ക് താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചു.
ഡോ. സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാലയുടേയും കെ. ശിവപ്രസാദിനെ കേരളാ സാങ്കേതിക സർവകലാശാലയുടേയും വൈസ് ചാൻസലർമാരായാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമിച്ചത്.ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്ക് പിന്നാലെ വൈസ് ചാൻസലർ സ്ഥാനം നഷ്ടമായ ഇരുവരും ഇന്നലെ വീണ്ടും വിസിമാരായി ചുമതലയേറ്റു.
സുപ്രീംകോടതി വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചതെന്നാണ് രാജ്ഭവൻ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ, ഗവർണറുടെ നടപടി, വിസിമാരുടെ പുനർനിയമനം സർക്കാർ ശിപാർശ അനുസരിച്ചാകണമെന്ന സുപ്രീംകോടതി വിധി പാലിക്കപ്പെടാതെയാണെന്നു സർക്കാർ വ്യക്തമാക്കി.
രണ്ടു വൈസ് ചാൻസലർമാരുടേയും നിയമനം ആറു മാസത്തേക്കാണെന്നും പുറത്തു പോയ വൈസ് ചാൻസലർമാരെ വീണ്ടും നിയമിക്കാമെന്ന സുപ്രീം കോടതി വിധിയുടെ ഭാഗമാണ് ഇരുവരുടെയും നിയമനത്തിനായി രാജ്ഭവൻ ആയുധമാക്കുന്നത്.
എന്നാൽ, പുനർനിയമനം ചാൻസലർക്ക് നടത്താമെങ്കിലും രണ്ട് സർവകലാശാലകളിലെയും ചട്ടം അനുസരിക്കണമെന്ന ഭാഗമാണ് സർക്കാർ ഉന്നയിക്കുന്നത്. ചാൻസലറുടെ താത്കാലിക നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനു പിന്നാലെ സർക്കാർ പാനൽ നൽകിയിരുന്നു.
ഡിജിറ്റൽ സർവകലാശാലയിലേക്കു ഡോ. എം.കെ. ജയരാജ്, രാജശീ, കെ.പി. സുധീർ എന്നിവരുടെ പേരാണ് സർക്കാർ ഗവർണർക്ക് സമർപ്പിച്ചത്. കെടിയുവിലേക്ക് താത്കാലിക വിസി ആയി പ്രഫ. പ്രവീണ്‍ , ഡോ .ജയപ്രകാശ്, ആർ. നജീബ് എന്നിവരുടെ പട്ടികയായിരുന്നു സമർപ്പിച്ചത്. ഈ പാനൽ തള്ളിയാണ് സിസ തോമസിനെയും ശിവപ്രസാദിനെയും ഗവർണർ ഇന്നലെ നിയമിച്ചിരിക്കുന്നത്.