പ്രതിഷേധ റാലിയുമായി എഎസ്എംഐ സന്യാസിനീ സഭാംഗങ്ങൾ
Friday, August 1, 2025 1:49 AM IST
ചേർത്തല: അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്യാസിനീ സഭാംഗങ്ങളായ രണ്ടു കന്യാസ്ത്രീമാരെ ഛത്തിസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും അവരുടെ മോചനം ആവശ്യപ്പെട്ടും ചേര്‍ത്തലയിലെ സഭാ ആസ്ഥാനത്ത് കന്യാസ്ത്രീമാർ പ്രതിഷേധ റാലി നടത്തി.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്യാസ സമൂഹാംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് രാഷ്ട്രീയ ഭേദമില്ലാതെ പിന്തുണയുമായി ജനനേതാക്കളും അണിനിരന്നു.
ചേർത്തലയിലെ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് ആസ്ഥാനത്തുനിന്നും തുടങ്ങിയ റാലി എക്സറേകവലയില് പ്രതിഷേധ സമ്മേളനത്തിനും തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് ചാപ്പലില്‍ മോചനത്തിനായുള്ള പ്രാര്‍ത്ഥനയോടെയാണ് സമാപിച്ചത്. അസിസ്റ്റന്റ് മദർ ജനറൽ സിസ്റ്റർ റജീസ് മേരി പ്രതിഷേധ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
മന്ത്രി പി. പ്രസാദ് റാലിയിലും പ്രതിഷേധത്തിലും പങ്കെടുത്തു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ തെളിഞ്ഞത് സംഘപരിവാര്‍ അജണ്ടയാണെന്നും ബജരംഗ് ദളുകാരുടെ കൂട്ടം നിര്‍ദ്ദേശിച്ചതെല്ലാം നടപ്പാക്കുന്ന നയമാണ് ഛത്തിസ്ഗഡിലെ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പ്രതിഷേധ സമ്മേളനത്തില്‍ മന്ത്രി പി. പ്രസാദ് പറഞ്ഞു.
സിപിഎം ജില്ലാസെക്രട്ടേറിയേറ്റംഗം എ.എ. ആരിഫ്, കെപിസിസി സെക്രട്ടറി എസ്. ശരത്, സിഎംഐ മുഹമ്മ ആശ്രമത്തിലെ സുപ്പീരിയര്‍ ഫാ. പോള്തുണ്ടുപറമ്പില്, സിസ്റ്റര്‍ റോസ് ഫ്രാന്‍സിസ് എഎസ്എംഐ എന്നിവര്‍ പ്രസംഗിച്ചു.
മദര്‍ ജനറല്‍ സിസ്റ്റര്‍ ഇസബെല്‍ ഫ്രാന്‍സിസും അസിസ്റ്റന്റ് മദര്‍ ജനറല്‍ സിസ്റ്റര്‍ റജീസ് മേരിയും പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നല്കി.