ദന്പതികൾ വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ
Thursday, July 31, 2025 1:54 AM IST
വൈപ്പിൻ: വാടകവീട്ടിൽ താമസിച്ചിരുന്ന വയോധിക ദന്പതികളെ ദേഹത്ത് ഇലക്ട്രിക് വയർ ചുറ്റി ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ഞാറയ്ക്കൽ പെരുന്പിള്ളി അസീസി സ്കൂളിനു സമീപം പരുത്തിയേഴത്ത് അജയന്റെ പേരിലുള്ള വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന കാരോളിൽ സുധാകരൻ (75), ഭാര്യ ജിജി (70) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ കിടപ്പുമുറിയിലെ കട്ടിലിനു സമീപം താഴെയായാണു മൃതദേഹങ്ങൾ കണ്ടത്.
ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. കരാർ പണിക്കാരനായ സുധാകരനും ഭാര്യ ജിജിയും മാത്രമാണു വാടകവീട്ടിൽ താമസിച്ചിരുന്നത്. രണ്ടു ദിവസമായി വീട് അടഞ്ഞ നിലയിലായിരുന്നു. തുറന്നു പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. കുടുംബത്തിന് സാന്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി ഞാറയ്ക്കൽ പോലീസ് അറിയിച്ചു.
പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംസ്കാരം ഇന്ന്. മക്കൾ: സിജു, ഷിജു.