ദുരന്തബാധിതരെ സർക്കാർ അവഗണിക്കുന്നു: വി.ഡി. സതീശൻ
Wednesday, July 30, 2025 1:42 AM IST
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തബാധിതരെ സര്‍ക്കാര്‍ പരിഗണിക്കുന്നു പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള എന്തെങ്കിലും സംവിധാനം ഒരു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നടപ്പാക്കിയോ? കൃഷി നഷ്ടപ്പെട്ടവര്‍ക്ക് ഏതെങ്കിലും പൊതുവായ ഇടത്ത് കൃഷി ചെയ്യാനുള്ള സൗകര്യമെങ്കിലും ഒരുക്കേണ്ടേ?
ടി. സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ ‘റിവൈവ് വയനാട്’ എന്ന പേരില്‍ പദ്ധതി തയാറാക്കി വിദേശരാജ്യങ്ങളില്‍ മെഡിസിന് ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന ദുരന്ത മേഖലയിലെ 134 കുട്ടികളുടെ മുഴുവന്‍ ചെലവും വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ ഏറ്റെടുത്തത് മാത്രമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഏക ആശ്വാസം.
ഇതല്ലാതെ ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? വാടകവീട്ടില്‍ താമസിക്കുന്നവര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഒരു വര്‍ഷമായിട്ടും ദുരന്ത ഭൂമിയില്‍നിന്നുള്ള അടക്കിപ്പിടിച്ച കരച്ചിലുകളും നിലവിളികളും കേരളമാകെ കേള്‍ക്കുന്നുണ്ട്. അഭയാര്‍ഥികളായി മാറിയ ആ മനുഷ്യരെ ചേര്‍ത്തുപിടിക്കാനോ അവരുടെ സങ്കടങ്ങള്‍ കാണാനോ സര്‍ക്കാരും ഭരണസംവിധാനങ്ങളും ഇപ്പോഴും തയാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.