രണ്ടാമതു ഗർഭിണിയായതിന്റെ പേരിൽ പീഡനം; യുവതി ജീവനൊടുക്കി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
Thursday, July 31, 2025 1:54 AM IST
ഇരിങ്ങാലക്കുട: ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്നു യുവതി ജീവനൊടുക്കി. കാരുമാത്ര സ്വദേശിനി ഫസീല (23) യാണു മരിച്ചത്. സംഭവത്തില്‍ ഫസീലയുടെ ഭര്‍ത്താവ് കരൂപ്പടന്ന നെടുങ്കാണത്തുകുന്ന് വലിയകത്ത് നൗഫല്‍ (30), ഭര്‍തൃമാതാവ് റംല (58) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടാമതു ഗര്‍ഭിണിയായതിന്റെ പേരില്‍ ഫസീലയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടിവയറ്റില്‍ ചവിട്ടേറ്റ പാടുകള്‍ ഉണ്ടെന്നു വ്യക്തമായിട്ടുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവമാണ് ആത്മഹത്യയ്ക്കു കാരണമെന്നു ചൂണ്ടിക്കാട്ടി ഫസീല അവസാനമായി അമ്മയ്ക്കയച്ച വാട്സാപ് സന്ദേശവും പുറത്തുവന്നു.
ഗര്‍ഭിണിയായ തന്നെ വയറ്റില്‍ ചവിട്ടിയെന്നും നിരന്തരം മര്‍ദിക്കുമായിരുന്നുവെന്നും ഫസീല ഉമ്മയ്ക്കയച്ച വാട്സാപ് സന്ദേശത്തില്‍ പറയുന്നു.
ഫസീലയുടെ വിവാഹംകഴിഞ്ഞ് ഒരുവര്‍ഷവും ഒമ്പതുമാസവുമേ ആയിട്ടുള്ളു. ദമ്പതികള്‍ക്കു പത്തുമാസം പ്രായമുള്ള മുഹമ്മദ് സെയാന്‍ എന്ന മകനുണ്ട്. ഫസീല രണ്ടാമതു ഗര്‍ഭിണിയായിരുന്നുവെന്ന വിവരം മരിക്കാന്‍ പോകുന്നുവെന്ന സന്ദേശം വന്നപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്.
കൊടുങ്ങല്ലൂര്‍ കോതപറന്പില് വാടകയ്ക്കു താമസിക്കുന്ന പതിയാശേരി സ്വദേശി കാട്ടുപറമ്പില്‍ അബ്ദുള്‍ റഷീദിന്റെയും സക്കീനയുടെയും മകളാണ് ഫസീല. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കി. സംസ്കാരം നടത്തി.