49 കുടുംബങ്ങളെക്കൂടി വയനാട് പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തും
Thursday, July 31, 2025 2:31 AM IST
തിരുവനന്തപുരം: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട 49 കുടുംബങ്ങളെക്കൂടി പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വയനാട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയിൽ നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിൽ അർഹരാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഉപജീവനമാർഗം നഷ്ടപ്പെട്ട സംരംഭകർക്കു നഷ്ടപരിഹാരം അനുവദിക്കും.
നഷ്ടപരിഹാരത്തുകയും മാനദണ്ഡങ്ങളും നിശ്ചയിക്കാൻ വയനാട് ജില്ലാ കളക്ടർ, ജില്ലയിലെ തദ്ദേശ വകുപ്പിലെയും വ്യവസായ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ സമിതി പരിശോധിച്ച് ശിപാർശ സമർപ്പിക്കും. ചൂരൽമല ദുരന്തത്തിന്റെ ഒന്നാം വാർഷികദിനമായ ഇന്നലെ ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് വനാവകാശരേഖ നൽകുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മന്ത്രിസഭ നിർദേശം നൽകി.
അഞ്ച് ഹെക്ടർ ഭൂമിക്ക് രേഖ അനുവദിക്കാനുള്ള നടപടികളാണ് സ്വീകരിക്കുക. മുണ്ടക്കൈ പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം കോളനിയിലെ അഞ്ചു കുടുംബങ്ങളെയും പുതിയ വില്ലേജിലെ മൂന്നുകുടുംബങ്ങളെയും വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീട് നിർമിച്ചു പുനരധിവസിപ്പിക്കും.
നിലവിൽ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത എറാട്ടുകണ്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇവർക്ക് 10 സെന്റ് വീതം ഭൂമിയും വീടും അനുവദിക്കും.
പുത്തുമലയിൽ ദുരന്തബാധിതരെ അടക്കംചെയ്ത സ്ഥലത്ത് പ്രാർഥന നടത്താനായി സ്മാരകം നിർമിക്കും.
ചൂരൽമലയ്ക്കു സമാനമായ നഷ്ടപരിഹാരം വിലങ്ങാടിനും
തിരുവനന്തപുരം: ചൂരൽമല ദുരന്തബാധിതർക്ക് അനുവദിച്ചതിന് സമാനമായി വിലങ്ങാട് ദുരന്തബാധിതർക്കും നഷ്ടപരിഹാരം അനുവദിക്കാനും തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഉപജീവന നഷ്ടപരിഹാരം അനുവദിക്കുക. വൈദ്യചികിത്സയ്ക്കുള്ള സഹായവും അനുവദിക്കും.