ടി.പി വധക്കേസ്: പ്രതി സിജിത്തിന് പരോള്‍ നിരസിച്ചു
Wednesday, July 30, 2025 1:42 AM IST
കൊച്ചി: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിജിത്തിന് (അണ്ണന് സിജിത്) പരോള്‍ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന ആവശ്യമാണ് നിഷേധിച്ചത്.
പത്ത് ദിവസത്തെ അടിയന്തര പരോള്‍ ആവശ്യപ്പെട്ട് സിജിത്തിന്റെ ഭാര്യ സി.എസ്. അഞ്ജു നല്കിയ ഹര്‍ജി ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണനാണു തള്ളിയത്. ജീവപര്യന്തം തടവുകാര്‍ക്ക് അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണു പരോള്‍ അനുവദിക്കാറുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഫെബ്രുവരി 11നാണ് ആണ്‍കുഞ്ഞ് പിറന്നത്. ആ സമയത്ത് സിജിത്തിനു പരോള്‍ അനുവദിച്ചതാണ്. എല്ലാ ചടങ്ങുകള്‍ക്കും പരോള്‍ വേണമെന്ന ആവശ്യം അനുവദിക്കാനാകില്ല- കോടതി വ്യക്തമാക്കി.