മരം വെട്ടിമാറ്റുന്നതിനിടെ വൈദ്യുതിപോസ്റ്റ് ദേഹത്തു വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
Wednesday, July 30, 2025 1:42 AM IST
മുണ്ടക്കയം: വൈദ്യുതി പോസ്റ്റിലേക്ക് ഒടിഞ്ഞുവീണ റബർമരം വെട്ടി മാറ്റുന്നതിനിടെ പോസ്റ്റ് ദേഹ ത്തേക്കുവീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു.
കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ മുരിക്കുംവയൽ കല്ലിക്കുന്നേൽ കെ.എസ്. സുരേഷ് (57) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ അസംബനി ഇഞ്ചക്കുഴി ഭാഗത്താണ് അപകടം.
കാറ്റിൽ വൈദ്യുതിപോസ്റ്റിലേക്ക് ഒടിഞ്ഞുവീണ റബർ മരം വെട്ടിമാറ്റുന്നതിനായി കെഎസ്ഇബി ഉദ്യോഗസ്ഥർ ഫയർഫോഴ്സിന്റെ സേവനം തേടിയിരുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘം വൈദ്യുതിപോസ്റ്റിലേക്ക് ചാഞ്ഞുനിന്ന മരം വെട്ടി മാറ്റുന്നതിനിടയിൽ പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേക്കു വീഴുകയായിരുന്നു. ഉടൻതന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിഐഎസ്എഫിൽനിന്ന് റിട്ടയർ ചെയ്ത് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ ഹോം ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഉഷ ഉറുമ്പിക്കര സ്വദേശി. മക്കൾ: ഡോ. ഷെഫി, ബാലാജി.