ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ്: സര്‍ക്കാര്‍ നടപടിക്കെതിരേ ഹര്‍ജി
Wednesday, July 30, 2025 1:42 AM IST
കൊച്ചി: വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളിലടക്കം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി.
പശ്ചിമകൊച്ചിയിലെ എ ടു സെഡ് ഡ്രൈവിംഗ് സ്കൂള്‍ പാര്‍ട്ണര്‍ ടി.കെ. രാധാമണിയടക്കം നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെയും വിശദീകരണം തേടി. ഡ്രൈവിംഗ് സ്കൂളുകളുടെ ഹെവി വാഹനങ്ങളെ നിബന്ധനയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.
കേരള മോട്ടോര്‍ വാഹനച്ചട്ടം 151എ പ്രകാരമാണ് സര്‍ക്കാര്‍ എല്ലാ പൊതുഗതാഗത വാഹനങ്ങള്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും വിഎല്‍ടിഡി/ജിപിഎസ് നിര്‍ബന്ധമാക്കിയത്.
ചരക്കുവാഹനങ്ങളുടെ നിര്‍വചനത്തില്‍ ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളും ഉള്‍പ്പെടുത്തി. എന്നാല്‍, കേന്ദ്ര മോട്ടോര്‍ വാഹനനിയമപ്രകാരം ഇത്തരം തീരുമാനങ്ങള്‍ക്കുള്ള അധികാരം കേന്ദ്രസര്ക്കാരിനാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രം പൊതുഗതാഗത വാഹനങ്ങള്‍ക്കു മാത്രമാണ് വിഎല്‍ടിഡി നിര്‍ബന്ധമാക്കിയിട്ടുള്ളത്. ചരക്കുവാഹനങ്ങള്‍ക്ക് ഈ നിര്‍ദേശം നല്‍കിയിട്ടില്ല. അതിനാല്‍ കേരള ചട്ടത്തിലെ വ്യവസ്ഥ കേന്ദ്രനിയമത്തിനു വിരുദ്ധമാണ്.
ഡ്രൈവിംഗ് സ്കൂളുകളുടെ ഹെവി വാഹനങ്ങള്‍ നിശ്ചിത ആര്‍ടിഒ പരിധിയില്‍ ട്രെയിനിംഗിനു മാത്രം ഉപയോഗിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.