കണ്ടെയ്നറുകൾ ബോട്ടുകൾക്ക് ഭീഷണിയാകുമെന്ന് ആശങ്ക
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: കേരളതീരത്തു തകർന്ന കപ്പലിന്റെ ഭാഗങ്ങളും കടലിൽനിന്ന് നീക്കംചെയ്യാത്ത കണ്ടെയ്നറുകളും ഇന്നുമുതൽ മത്സ്യബന്ധനത്തിന് ഇറങ്ങുന്ന യന്ത്രവത്കൃത ട്രോളിംഗ് ബോട്ടുകൾക്ക് ഭീഷണിയാകുമെന്ന് ആശങ്ക. രണ്ടു മാസത്തോളം നീണ്ട ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കുകയാണ്.
കേരളതീരത്തു നിന്ന് 13.5 നോട്ടിക്കൽ മൈൽ അകലെ മുങ്ങിത്താഴ്ന്ന എംഎസ്സി എൽസ- 3 കപ്പലിൽ നിന്ന് ഇതുവരെ വിവിധ ജില്ലകളിലായാണ് കണ്ടെയ്നറുകൾ എത്തിയത്. ഇതിൽ ചിലതു കരയ്ക്ക് അടിഞ്ഞിരുന്നു. മറ്റുള്ളവയാകട്ടെ കടലിൽ താഴ്ന്ന നിലയിലുമാണ്.
കടലിൽ നീക്കം ചെയ്യാത്ത കണ്ടെയ്നറുകളിലും കപ്പലിന്റെ അവശിഷ്ടങ്ങളിലും തട്ടി ബോട്ടുകളും മത്സ്യബന്ധന വലകളും മറ്റ് ഉപകരണങ്ങളും നശിക്കാൻ സാധ്യതയുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.