ഫയൽ അദാലത്തിന് വേഗംപോരെന്നു മന്ത്രിസഭ
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ഫയൽ അദാലത്തിനു വേഗം പോരെന്നു മന്ത്രിസഭ. കഴിഞ്ഞ 29 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയറ്റിൽ 65,611 (21.62%) ഫയലുകളും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിൽ 1,68,652 (19.55%) ഫയലുകളും റെഗുലേറ്ററി അഥോറിറ്റികളിൽ 10,728 (40.74%) ഫയലുകളുമാണ് തീർപ്പാക്കാനായത്.
ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കാൻ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അധ്യക്ഷന്മാരും ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിമാർ തങ്ങളുടെ വകുപ്പിലെ ഫയൽ തീർപ്പാക്കൽ പുരോഗതി അവതരിപ്പിച്ചു.
ഏറ്റവും കൂടുതൽ ഫയൽ തീർപ്പാക്കാനുള്ളത് സെക്രട്ടേറിയറ്റിലെ തദ്ദേശസ്വയംഭരണ വകുപ്പിലാണ്. ഡയറക്ടറേറ്റുകളിൽ എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റാണ് ഫയൽ അദാലത്തിൽ പിന്നിലെന്നു മന്ത്രിസഭ വിലയിരുത്തി. കൂടുതൽ ഫയലുകൾ തീർപ്പാക്കാനായത് ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിലാണ്. 50 ശതമാനം. പൊതുഭരണ വകുപ്പിൽ 48.62 ശതമാനവും തീർപ്പാക്കി.