അപലപനീയം: കെആർഎൽസിസി
Wednesday, July 30, 2025 1:42 AM IST
കൊച്ചി: രാജ്യത്ത് ക്രൈസ്തവ മതന്യൂനപക്ഷങ്ങൾക്കെതിരേ ഉയരുന്ന അസഹിഷ്ണുതയും അക്രമങ്ങളും ഭയം ജനിപ്പിക്കുന്നതും അപലപനീയവുമാണെന്നു കെആർഎൽസിസി.
കന്യാസ്ത്രീകളെ അവരുടെ സഭാവസ്ത്രത്തിൽ കണ്ടതിൽ വിറളി പൂണ്ട് കടുത്ത അസഹിഷ്ണുതയോടെ കള്ളക്കേസ് ഉണ്ടാക്കി ജയിലിൽ അടച്ചത് രാജ്യത്തിന്റെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും മതനിരപേക്ഷ നിലപാടിനുമേറ്റ തീരാക്കളങ്കമാണ്. മതന്യൂനപക്ഷങ്ങൾക്കും സേവന സന്നദ്ധരായ കന്യാസ്ത്രീകൾക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാനാവണം.
എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം എന്ന് നിരന്തരം പറയുന്ന കേന്ദ്ര സർക്കാർ സത്വരമായി ഇടപ്പെട്ട് നിരപരാധികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുകയും അക്രമികളെയും നിയമവിരുദ്ധ പ്രവർത്തകരെയും ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4316 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023ൽ 733 ആയിരുന്നത് 2024ൽ 834 ആയി വർധിച്ചതായി കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറയും ചൂണ്ടിക്കാട്ടി.