തെറ്റിദ്ധാരണകൾ സംഭാഷണത്തിലൂടെ പരിഹരിക്കണം: ക്ലീമിസ് ബാവ
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: ക്രൈസ്തവര്‍ ഭാരതത്തില്‍ 2000 വര്‍ഷമായി മതപരിവര്‍ത്തനം നടത്തുന്നു എന്നാണു വാദം. അങ്ങനെയെങ്കില്‍ ക്രൈസ്തവര്‍ ഇപ്പോഴും എങ്ങനെയാണ് രണ്ടര ശതമാനത്തില്‍ ഒതുങ്ങിപ്പോയതെന്നു കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ.
ഛത്തീസ്ഗഡ് ജയിലില്‍ കഴിയുന്ന സിസ്റ്റർമാരെ ജയില്‍ മോചിതരാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവനിലേക്കു നടത്തിയ മൗനജാഥയ്ക്കുശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റിദ്ധരിക്കപ്പെട്ട അനേകം ഘടകങ്ങളുണ്ട്. അതു സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടണം. ഇന്ത്യയുടെ സംസ്കാരത്തില്‍ അഭിമാനം കൊള്ളുന്ന ക്രൈസ്തവസമൂഹമാണ് ഈ രാജ്യത്ത് പൗരാവകാശത്തെക്കുറിച്ചു സംസാരിക്കുന്നത്.
ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക് കേസ് റഫര്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതില്‍ നീതി നടപ്പാകണം. ഇതെല്ലാം കണ്ട് ഭയപ്പെട്ട് ഭാരതത്തിലെ ക്രിസ്ത്യാനികള്‍ സുവിശേഷം മടക്കിവയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കരുത്.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു കറുത്ത റിബണ്‍ കൊണ്ട് വാ മൂടിക്കെട്ടി നടത്തിയ പ്രതിഷേധ ജാഥ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സേവന മേഖലകളില്‍ ഭാരതത്തില്‍ എന്നും ശ്രദ്ധേയമായ സംഭാവന നല്കിയിട്ടുള്ളവരാണ് സന്യാസിനിമാരെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, നെയ്യാറ്റിന്‍കര രൂപത സഹായമെത്രാന്‍ ഡോ.ഡി. സെല്വരാജന്, മാര്‍ത്തോമ സഭ മെത്രാപ്പോലീത്ത ഐസക് മാര്‍ ഫീലിക്സിനോസ്, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍.ഡോ. ജോണ്‍ വര്‍ഗീസ് തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ.വര്‍ക്കി ആറ്റുപുറത്ത് നന്ദി പറഞ്ഞു.
"ആത്മാര്‍ഥത പ്രതീക്ഷിക്കുന്നു’
തിരുവനന്തപുരം: അധികാരത്തില്‍ ഇരിക്കുന്നവര്‍ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് ആത്മാര്‍ഥത പ്രതീക്ഷിക്കുന്നുവെന്നു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഒരു നല്ല കാര്യം സംസ്ഥാനത്തെ ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
ഈ കന്യാസ്ത്രീകള്‍ക്കെതിരേ ആരോപിക്കപ്പെട്ടത് ശരിയല്ല, അത് സത്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ കൂടുതല്‍ നമുക്ക് എന്തു പറയാന്‍. എങ്കില്‍ പിന്നെ എന്തിനാണ് കല്‍ത്തുറുങ്ക്. അവരെയങ്ങ് വിട്ടയച്ചാല്‍ പോരേ. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് അങ്ങനെ പറഞ്ഞാല്‍ പിന്നെ എന്തിനാണ് അവിശ്വസിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.