ഉരുളിൽ ഉലഞ്ഞവരെ ചേർത്തുനിർത്തി കെസിബിസി
Thursday, July 31, 2025 1:54 AM IST
കൽപ്പറ്റ: നെഞ്ചോട് ചേർത്തുവച്ച ഉറ്റവരും ഉടയവരും സ്വന്തം സന്പാദ്യവും വീടുകളും ഉരുൾവെള്ളം കവർന്നപ്പോൾ അവർക്ക് ആശ്വാസമായി ഹൃദയത്തോട് ചേർത്ത് നിർത്തുകയാണ് കെസിബിസി (കേരള കാത്തലിക് ബിഷപ്സ് കോണ്ഫറൻസ്).
ഉരുൾദുരന്തം നടന്ന് അഞ്ച് ദിവസം മാത്രം പിന്നിട്ടപ്പോഴാണ് കേരള കത്തോലിത്ത മെത്രാൻ സമിതി ഓഗസ്റ്റ് അഞ്ചിന് യോഗം ചേർന്ന് ദുരന്തബാധിതർക്ക് 100 വീടുകൾ പ്രഖ്യാപിച്ചത്. ഭവനരഹിതരായ നൂറുകണക്കിന് ജീവിതങ്ങൾക്ക് അഭയമായാണ് കെസിബിസി 100 വീടുകൾ പ്രഖ്യാപിച്ച് അനേകർക്ക് മാതൃകയായത്.
കെസിബിസി പ്രഖ്യാപിച്ച 100 വീടുകളുടെ നിർമാണം മാനന്തവാടി, ബത്തേരി, താമരശേരി, കോഴിക്കോട് രൂപതകളുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. വയനാട്ടിൽ 59 വീടുകളാണ് കെസിബിസിയുടെ നേതൃത്വത്തിൽ നിർമിക്കുന്നത്. വിലങ്ങാട് 41 ഉം. വയനാട്ടിൽ നാലും വിലങ്ങാട് 15 ഉം വീടുകൾ പൂർത്തിയായെന്ന് കെസിബിസിയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് (ജെപിഡി) കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ പറഞ്ഞു.
രൂപതകൾ സ്ഥലം വിലകൊടുത്ത് വാങ്ങുന്നതുൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കി. മറ്റ് വീടുകളുടെ നിർമാണം മഴ മാറി കാലാവസ്ഥ അനുകൂലമായാൽ ഉടൻ ആരംഭിക്കും. 100 വീടുകളാണ് കെസിബിസി പ്രഖ്യാപിച്ചതെങ്കിലും രൂപതകൾ സ്വന്തം നിലയിൽ 28 വീടുകൾ കൂടി നിർമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ രൂപതയുടെ സോഷ്യൽ സർവീസ് സംഘടനയായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്എസ്എസ്) 46 വീടുകളാണ് നിർമിക്കുന്നത്. ബത്തേരി രൂപതയുടെ സോഷ്യൽ സർവീസ് സംഘടനയായ ശ്രേയസ് 13 വീടുകളും നിർമിക്കുന്നുണ്ട്. നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
മാനന്തവാടി രൂപത കെസിബിസി നിർമിക്കുന്ന വീടിന് പുറമേ നാല് വീടുകൾ സ്വന്തമായും നിർമിക്കുന്നുണ്ട്. മീനങ്ങാടിക്കടുത്ത് വാഴവറ്റയിൽ 4.34 ഏക്കർ ഭവനനിർമാണ പദ്ധതിക്കായി വിലയ്ക്ക് വാങ്ങി. ഇവടെ ടൗണ്ഷിപ്പാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടേക്കുള്ള റോഡ്, ചുറ്റുമതിൽ, കിണർ എന്നിവയുടെ നിർമാണം പൂർത്തിയായി.
സ്ഥലം പ്ലോട്ട് തിരിച്ച് 37 ഗുണഭോക്താക്കളുടെ പേരിൽ 10 സെന്റ് വീതം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇവിടെ ഭവനനിർമാണം ഉടൻ ആരംഭിക്കും. വീടുകൾ നിർമിക്കാനായി വാഴവറ്റയിൽ ആദ്യം 3.50 ഏക്കറാണ് വാങ്ങിയത്. കൂടുതൽ ഭവനങ്ങൾ നിർമിക്കാനായി പിന്നീട് 84 സെന്റ്കൂടി രൂപത വാങ്ങി. വീടുകൾ ഫെബ്രുവരിയോടെ കൈമാറാനാകുമെന്നാണ് കരുതുന്നത്.
തോമാട്ടുചാലിൽ രണ്ട് പേർക്കും പുതിയിടംകുന്നിൽ ഒരാൾക്കും നിർമിക്കുന്ന വീടുകളുടെ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. കുടുംബത്തിലെ ആളുകളുടെ എണ്ണം അനുസരിച്ച് രണ്ടും മൂന്നും കിടപ്പുമുറികളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള വീടാണ് നിർമിക്കുന്നത്. അവ ഉടൻതന്നെ കൈമാറാനാകുമെന്ന് ഡബ്ല്യുഎസ്എസ്എസ് പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പറഞ്ഞു.
വാഴവറ്റയിൽ വാങ്ങിയ സ്ഥലത്ത് ഉരുൾ ദുരന്തബാധിതർക്കായി വിവിധ ഉപജീവന പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. ഭാവിയിൽ കൂടുതൽ വീടുകൾ നിർമിക്കാനും പദ്ധതിയുണ്ടെന്നും പി.എ. ജോസ് കൂട്ടിച്ചേർത്തു. ശ്രേയസിന്റെ നേതൃത്വത്തിൽ 13 വീടുകളാണ് നിർമിക്കുന്നത്. ഇതിനായി സ്ഥലം വിലകൊടുത്ത് വാങ്ങുകയും രൂപത വിട്ടുനൽകുകയും ചെയ്തു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി. ഉടൻതന്നെ ഭവന നിർമാണം ആരംഭിക്കും.
കൽപ്പറ്റ മുണ്ടേരി, ചെതലയം, ചുള്ളിയോട്, കാക്കവയൽ എന്നിവിടങ്ങളിലാണ് ഭവന നിർമാണം നടക്കുന്നത്. കാക്കവയലിൽ ഒരു വീടാണ് നിർമിക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയായി. ചുള്ളിയോട് നിർമിക്കുന്ന ഒരുവീടിന്റെ പണിയും പുരോഗമിക്കുകയാണ്. ചെതലയം, കൽപ്പറ്റ മുണ്ടേരി സ്ഥലങ്ങളുടെ കൈമാറ്റം സംബന്ധിച്ച സാങ്കേതിക നടപടികൾ പൂർത്തിയാകാതിരുന്നതാണ് നിർമാണം ആരംഭിക്കാൻ വൈകിയത്.
മുണ്ടേരിയിൽ സെന്റിന് അഞ്ച് ലക്ഷം വിലവരുന്ന സ്ഥലമാണ് ദുരന്തബാധിതർക്ക് നൽകുന്നത്. ഓരോ വീടും അഞ്ച് സെന്റിലാണ് നിർമിക്കുന്നത്. ഇവിടങ്ങളിലെ ഭവന നിർമാണവും ഉടൻ ആരംഭിക്കും. തുടർച്ചയായി പെയ്ത മഴയും നിർമാണം വൈകാൻ കാരണമായി.
ആറ് മാസത്തിനുള്ളിൽ ഇവ കൈമാറാൻ സാധിക്കുമെന്നും കെസിബിസിയുടെ സഹകരണത്തോടെ നിർമിക്കുന്ന വീടുകൾക്ക് പുറമേ എട്ട് വീടുകൾ കൂടി നിർമിക്കാൻ ആലോചനയുണ്ടെന്നും ശ്രേയസ് പ്രോഗ്രാം മാനേജർ കെ.വി. ഷാജി പറഞ്ഞു.