കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ സമരം ശക്തമാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ്
Thursday, July 31, 2025 1:54 AM IST
കൊച്ചി: സര്‍ക്കാര്‍ സേവനം എത്തപ്പെടാത്ത മേഖലയില്‍പ്പോലും സേവനം ചെയ്യുന്ന കന്യാസ്ത്രീകളെ മനുഷ്യക്കടത്തുകാരായി ചിത്രീകരിക്കുന്നത് നിയമവിരുദ്ധവും രാഷ്ട്രീയ അജൻഡയുടെ ഭാഗവുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
ഛത്തീസ്ഗഡ് ഭരിക്കുന്ന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടിയും സമാധാനം പറയണമെന്നും സംഘടന ആവശ്യപ്പെട്ടു. നീതി ലഭിക്കുംവരെ സമരം ശക്തമാക്കാനും തീരുമാനിച്ചു.
ജോലിക്കായി ആളുകളെ കൊണ്ടുപോകുന്നത് മനുഷ്യക്കടത്ത് അല്ലെന്നു കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സമാന കേസില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൂടെ ഒരാളെ കൊണ്ടുനടന്നാല്‍ പോലും മനുഷ്യക്കടത്തിനു കേസെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
തീവ്ര ഗ്രൂപ്പുകളെ സര്‍ക്കാര്‍ നിയന്ത്രിക്കാത്തത് നിയമലംഘനമാണെന്നും നിയമവിരുദ്ധമായി തടവിലാക്കപ്പെട്ട സിസ്റ്റേഴ്സിന് ജാമ്യം ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.