മതാധിഷ്ഠിത രാജ്യം അജൻഡയെന്ന് മാത്യു ടി. തോമസ്
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള വർഗീയശക്തികളുടെ അജൻഡയാണ് ഛത്തീസ്ഗഡിലും നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ജനതാദൾ- എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്.
രാജ്യത്തിന്റെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ മിഷനറിമാരുടെ നിസ്വാർഥ പരിശ്രമങ്ങളെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ഉദ്യമങ്ങൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. അതിന്റെ തനിയാവർത്തനമാണ് കന്യാസ്ത്രീകളെ തുറുങ്കിലടച്ചു നടപ്പാക്കിയത്. വർഗീയനീക്കങ്ങളെ എതിർക്കുന്നതിൽ മതേതരത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും വിഭാഗീയത മറന്ന് ഒന്നിക്കണം.
ഫാസിസം ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയർത്തി ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒമ്പതിന് ജനതാദൾ- എസിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മതേതര സംഗമങ്ങൾ സംഘടിപ്പിക്കുമെന്നും മാത്യു ടി. തോമസ് അറിയിച്ചു.