എലപ്പുള്ളി ബ്രൂവറി; അനുമതികള്‍ ഹര്‍ജികളിലെ തീര്‍പ്പിനു വിധേയം
Wednesday, July 30, 2025 1:42 AM IST
കൊച്ചി: എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷയില്‍ നല്കുന്ന അനുമതി ഇതു സംബന്ധിച്ച ഹൈക്കോടതി ഹര്‍ജികളിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ആവര്‍ത്തിച്ച് ചീഫ് ജസ്റ്റീസ്.
ഒയാസിസ് കമ്പനിയുടെ അപേക്ഷയില്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ കത്തിടപാടുകള്‍ നടക്കുന്നുണ്ടെന്നും ഓണ്‍ലൈന്‍ അപേക്ഷയായതിനാല്‍ ഒരു മാസത്തിനകം നടപടിയായില്ലെങ്കില്‍ സിസ്റ്റം സ്വമേധയാ തീര്‍പ്പാക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്.
ബ്രൂവറിക്കെതിരേ ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, എലപ്പുള്ളി സ്വദേശി എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. ഹര്‍ജികള്‍ വിശദമായവാദം കേള്‍ക്കാനായി മാറ്റി.